"വിശുദ്ധിതൻ താരകം' ആൽബം പ്രകാശനം ചെയ്തു
മാർട്ടിൻ വിലങ്ങോലിൽ
Tuesday, October 7, 2025 12:25 PM IST
നോർത്ത് ഡാളസ്: ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ വരികളെഴുതി ഈണം നൽകിയ "വിശുദ്ധിതൻ താരകം' എന്ന ഭക്തിഗാന ആൽബം ഷിക്കാഗോ സീറോമലബാർ രൂപതാ മെത്രാൻ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു.
ഒക്ടോബർ നാലിന് വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാർ മിഷനിലായിരുന്നു പ്രകാശനകർമം. വിശുദ്ധയുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ പ്രഥമ മിഷനിലെ തിരുനാൾ കൊടിയേറ്റത്തോടനുബന്ധിച്ചായിരുന്നു ആൽബം പ്രകാശനം.
വിശുദ്ധ മറിയം ത്രേസ്യായോടുള്ള പ്രാർഥനാ ഗീതമായ "വിശുദ്ധിതൻ താപസ കന്യകയേ' എന്ന് തുടങ്ങുന്ന മനോഹരവും ഹൃദ്യവുമായ ഈ മെലഡി ഗാനം കെസ്റ്റർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു.
അമേരിക്കയിലെ ഗാനവേദികളിൽ സുപരിചിതനും നിരവധി ഡിവോഷണൽ ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ ഒരുക്കിയ സ്കറിയ ജേക്കബ് ഇതിന്റെയും ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു.
കൊപ്പേൽ സെന്റ് അൽഫോൻസാ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, സ്കറിയ ജേക്കബ്, മിഷൻ ട്രസ്റ്റിമാരായ റെനോ അലക്സ്, ബോസ് ഫിലിപ്പ്, വിനു ആലപ്പാട്ട് (സിസിഡി), റോയ് വർഗീസ് (അക്കൗണ്ടന്റ്), ജോർജ് ബിജു (സെക്രട്ടറി) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുടുംബ നവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനുമായി നോർത്ത് ഡാളസിലെ എല്ലാ കുടുംബങ്ങൾക്കായും പ്രത്യേകിച്ച് മിഷനിലെ ഗാനശുശ്രൂഷകർക്കായും ഈ ഗാനോപഹാരം സമർപ്പിക്കുന്നതായി സെന്റ് മറിയം ത്രേസ്യാ സീറോമലബാർ മിഷന്റെ ഡയറക്ടർ കൂടിയായ ഫാ. ജിമ്മി എടക്കുളത്തൂർ പറഞ്ഞു.
കുടുംബങ്ങളുടെ പ്രേഷിതയും തിരുക്കുടുംബ സന്ന്യാസിനി സഭയുടെ സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവചരിത്രം വായിച്ചത് ഗാനരചനയ്ക്ക് പ്രചോദനമായി എന്ന് ഫാ. ജിമ്മി പറഞ്ഞു. റിലീസ് ദിനത്തിൽ തന്നെ വിശ്വാസികളുടെ മനം കവർന്ന ഈ ഗാനം യൂട്യൂബിൽ ലഭ്യമാണ്.