ഏർലി വോട്ടിംഗിന് ഇന്ന് സമാപനം; പോളിംഗ് മന്ദഗതിയിൽ, ആകാംഷയില് മലയാളി സ്ഥാനാർഥികൾ
പി.പി. ചെറിയാൻ
Tuesday, April 29, 2025 5:09 PM IST
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടക്കുന്ന ഏർലി വോട്ടിംഗ് ഇന്ന് സമാപിക്കും. പോളിംഗ് മന്ദഗതിയിലാണെങ്കിലും മത്സരിക്കുന്ന മലയാളി സ്ഥാനാർഥികൾ വിജയ പ്രതീക്ഷകൾ നിലനിർത്തുന്നുണ്ട്. 22നാണ് ഏർലി വോട്ടിംഗ് ആരംഭിച്ചത്. മേയ് മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇതുവരെ പോളിംഗ് ശതമാനം കണക്കാക്കുമ്പോൾ മന്ദഗതിയിലാണ് പോളിംഗ് മുന്നോട്ട് പോകുന്നതെന്നും ഇന്ത്യൻ വോട്ടർമാരുടെ പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ വോട്ടർമാർ കഴിഞ്ഞകാലങ്ങളിൽ പ്രകടിപ്പിച്ചിരുന്ന ആവേശം ഇത്തവണ കാണുന്നില്ലെന്നും സ്ഥാനാർഥികൾ അഭിപ്രായപ്പെട്ടു.
മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് എബ്രഹാം, ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി .സി. മാത്യു, ഡോ. ഷിബു സാമുവൽ, സണ്ണിവെയ്ൽ സിറ്റി മേയർ മത്സരിക്കുന്ന സജി ജോർജ് എന്നിവരുടെ വിജയ സാധ്യതകൾ നിർണയിക്കുന്നതിൽ മലയാളി വോട്ടർന്മാരുടെ വോട്ടുകൾ നിർണായകമാണ്.
ഗാർലൻഡ് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത് ശക്തരായ രണ്ട് മലയാളികളാണ്. ഇരുവരും വിജയം അവകാശപെടുന്നുടെങ്കിലും ഈ മത്സരത്തിൽ ആര് വിജയിക്കും എന്നുള്ളത് പ്രവചനാതീതമാണ്.
പി.സി. മാത്യു, ഡോ. ഷിബു സാമുവൽ എന്നീ രണ്ടു ഗാർലൻഡ് മേയർ സ്ഥാനാർഥികളും ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളി വോട്ടർമാർക്കിടയിൽ വളരെ അറിയപ്പെടുന്ന വ്യക്തികളാണ്.
സണ്ണിവെയ്ൽ സിറ്റി മേയർ സ്ഥാനാർഥി കഴിഞ്ഞ 20 വർഷമായി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്നു. സിറ്റി മേയർ സ്ഥാനത്തേക്ക് മൂന്നാമതും മത്സരിക്കുന്ന സജി ജോർജ് വിജയം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുന്നു.
മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് അബ്രഹാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പ് അത്ര ആയാസകരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏർലി വോട്ടിംഗിന്റെ സമാപനം ദിനമായ ഇന്നും തെരഞ്ഞെടുപ്പ് ദിനമായ മേയ് മൂന്നിനും വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് സ്ഥാനാർഥികൾ അഭ്യർഥിച്ചു.