കാനഡയിൽ ലിബറൽ പാർട്ടി അധികാരത്തിലേക്ക്; മാർക് കർണി വിജയിച്ചു
Tuesday, April 29, 2025 12:30 PM IST
ഒട്ടാവ: കാനഡയിൽ അധികാരം നിലനിർത്തി മാർക് കർണിയുടെ ലിബറൽ പാർട്ടി. പിയറി പൊയിലീവ്രയുടെ കൺസർവേറ്റീവ് പാർട്ടി കനത്ത തിരിച്ചടി നേരിട്ടു. ഒന്റാറിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചു.
64 ശതമാനം വോട്ടാണ് ഒന്റാറിയോയിൽ മാർക്ക് കാർണി നേടിയത്. 343 അംഗ പാർലമെന്റിൽ 165 സീറ്റുകൾ ലിബറൽ പാർട്ടി നിലനിർത്തി. കൺസർവേറ്റീവ് പാർട്ടി 146 സീറ്റ് നേടി. 172 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമായി വേണ്ടത്. സർക്കാർ രൂപീകരിക്കുന്നതിനായി മാർക് കർണിക്ക് ചെറുപാർട്ടികളുടെ സഹായം തേടേണ്ടി വരും.
അതേസമയം, ഖാലിസ്ഥാൻ അനുകൂല നേതാവായി അറിയപ്പെടുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) മേധാവി ജഗ്മീത് സിംഗ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മൂന്നാം തവണയും വിജയം ലക്ഷ്യമിട്ടിരുന്ന ജഗ്മീത് സിംഗ്, ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥിയായ വേഡ് ചാംഗിനോടാണ് പരാജയപ്പെട്ടത്.
ജഗ്മീത് സിംഗിന് ഏകദേശം 27 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ ചാംഗ് 40 ശതമാനത്തിലധികം വോട്ടുകൾ നേടി. വോട്ടു ശതമാനത്തിൽ ജഗ്മീത് സിംഗിന്റെ പാർട്ടിക്കും വലിയ ഇടിവ് നേരിട്ടിട്ടുണ്ട്. എൻഡിപിക്ക് ദേശീയ പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദേശീയ പദവി നിലനിർത്താൻ പാർട്ടികൾ കുറഞ്ഞത് 12 സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്.