വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തി
ഷിബു കിഴക്കേകുറ്റ്
Monday, April 28, 2025 10:05 AM IST
വാൻകൂവർ: കാനഡയിലെ വാൻകൂവർ നഗരത്തിൽ ഫിലിപ്പീനി വംശജരുടെ തെരുവാഘോഷത്തിലേക്കു അക്രമി കാർ ഓടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രി എട്ടിനുണ്ടായ അപകത്തിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ സ്ഥലത്തുണ്ടായിരുന്നവർ പിടികൂടി പോലീസിനു കൈമാറി.
തീവ്രവാദ ആക്രമണമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൂ എന്നും പോലീസ് പറഞ്ഞു.
എന്നിരുന്നാലും, ആക്രമണം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രൈവർ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.
തെരുവ് ഉത്സവം വീക്ഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ റോഡരികിലുണ്ടായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിന് മുമ്പ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയെന്നും ദൃക്സാക്ഷി പറഞ്ഞു.
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. 2022ൽ, കാനഡയിലെ വിന്നിപെഗിൽ ഫ്രീഡം കോൺവോയ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഒരു കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റിരുന്നു.