ഡബ്ല്യുഎംസി യൂറോപ്പ് റീജൺ സോഷ്യൽ അവാർഡ് എസ്. ശ്രീകുമാറിനും റോയി ജോസഫ് മാൻവട്ടത്തിനും
ജോളി എം. പടയാട്ടിൽ
Tuesday, April 29, 2025 12:54 PM IST
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ ഈസ്റ്റർ - വിഷു ആഘോഷത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജണിന്റെ ഇരുപതാം കലാസാംസ്കാരികവേദി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.
ജാതി, മത, ദേശ, ഭാഷ, വിശ്വാസങ്ങൾക്കതീതമായി പാവങ്ങൾക്കും അഭയാർഥികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ലോകത്തോടു സംസാരിച്ച് അവർക്കായി നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരുന്ന മഹാനായ ഇടയശ്രേഷ്ഠനാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രസിഡന്റ് ജോളി എം. പടയാട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26ന് ഇന്ത്യൻ സമയം രാത്രി 7.30ന് യൂറോപ്പിലെ ഗായകനായ ജെയിംസ് പാത്തിക്കലിന്റെ ഉലകിൻ നാഥാ, ഇരുളിൽ തിരിയായി നീ വരൂ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന കലാസാംസ്കാരികവേദി ജെഗദൽപുർ ആർച്ച്ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും ഇതിനു നേതൃത്വം നൽകിയ ഡബ്ല്യുഎംസി യൂറോപ്പ് റീജണ് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജൺ ചെയർമാൻ ജോളി തടത്തിൽ, സംസ്ഥാന എഡിജിപി അഡ്വ. ഡോ. ഗ്രേഷ്യസ് കുറിയാക്കോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി,
ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രഫ. ഡോ. ലളിത മാത്യു, അമേരിക്കൻ റീജൺ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, വേൾഡ് മലയാളി കൗൺസിലിനെ തുടക്കം മുതൽ നയിച്ചിട്ടുള്ള സണ്ണി വെളിയത്ത്,
ഫാ. ഡോ. സൂരജ് ജോർജ് പിട്ടാപ്പിള്ളി, രാജു കന്നക്കാട്ട്, ജർമൻ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അബ്രഹാം നടുവിലേഴത്ത്, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം സ്വാമി ഗുരുരത്ന ജ്ഞാനതപസിക്ക് വെർച്വൽ പ്ലാറ്റ്ഫോമിൽ കയറുവാൻ സാധിച്ചില്ല. ഡബ്ല്യുഎംസി യൂറോപ്പ് റീജൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.
ഡബ്ല്യുഎംസി യൂറോപ്പ് റീജൺ സോഷ്യൽ മീഡിയ അവാർഡ് പ്രശസ്ത മീഡിയ പ്രവർത്തകനായ എസ്. ശ്രീകുമാറിനും സാമൂഹ്യ പ്രതിബദ്ധത അവാർഡ് റോയി ജോസഫ് മാൻവെട്ടത്തിനും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മേയ് 2, 3, 4 തീയതികളിൽ യുകെയിലെ സ്റ്റോൺ സ്റ്റാഫോർഡ്ഷൈനിലുള്ള ക്രൗൺ ഹോട്ടലിൽ വച്ചു നടക്കുന്ന യൂറോപ്പ് റീജണൽ കോൺഫറൻസിൽ വച്ചു അവാർഡുകൾ നൽകും. ലത ജെറോ കോഓഡിനേറ്ററായി.
മൃദുല ഷിജു, സിത്ന ആന്റണി, അൽഫോൻസ ജോർജ്, ലാലി ജോർജ്, ജാക്ലിൻ ദിലീഷ്, ബിന്തു ആഷ്ലെ, സിജി തോമസ് എന്നീ നർത്തകിമാർ അവതരിപ്പിച്ച ഫൂഷൻ മാർഗം കളിയും അമേരക്കിൻ റീജിണിലെ ഡെല്ലാസ് ദാൻസ് സ്കൂളിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാൻസും യൂറോപ്യൻ ഗായകരായ ജെയിംസ് പാത്തിക്കൻ, ശ്രീജ ഷിൽഡ്കാംമ്പ് തുടങ്ങിയവരുടെ ശ്രൂതിമധുരമായ ഗാനങ്ങളും ഈസ്റ്റർ, വിഷു സൗഹൃദ കൂട്ടായ്മയെ കൂടുതൽ ധന്യമാക്കി.
ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും മികച്ച നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്.
കമ്പ്യൂട്ടർ എൻജിനിയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറർ ഷൈബു ജോസഫ്, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, യൂത്ത്ഫോറം സനു പടയാട്ടിൽ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു.
ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മേയ് 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് (യുകെ ടെെം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ സ്വാഗതം ചെയ്തു.