ഷിക്കാഗോ നായർ അസോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു
സതീശൻ നായർ
Tuesday, April 29, 2025 10:24 AM IST
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ വിഷു ആഘോഷം ഡസ്പ്ളയിൻസിലുള്ള കെസിഎസ് സെന്ററിൽ നടന്നു.
ശ്രേയാ കൃഷ്ണന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് അരവിന്ദ് പിള്ള ഈ പുതുവർഷം ഏവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ എന്ന് ആശംസിച്ചു.
മുതിർന്ന അംഗമായ എം.ആർ.സി. പിള്ളയും മറ്റു ബോർഡ് അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി. സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്ന എം.എൻ.സി. നായരുടെ നിര്യാണത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ച് പ്രാർഥിച്ചു
എം.ആർ.സി. പിള്ള എല്ലാവർക്കും വിഷു കൈനീട്ടം നൽകി. അസോസിയേഷൻ അംഗവും പ്ലെയിൻ ഫീൽഡ് സിറ്റിയിലെ ട്രസ്റ്റിയുമായി തെരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മയെ ചടങ്ങിൽ ആദരിച്ചു. കൂടാതെ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രസിഡന്റ് പ്രഖ്യാപിച്ചു. ലീലാ പിള്ളയുടെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കങ്ങൾ നടത്തി.



ദീപു നായർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കൊച്ചുകലാകാരന്മാരുടെയും കലാകാരികളുടെയും വൈവിധ്യമാർന്ന പരിപാടികൾ ചടങ്ങിന് വളരെ ആസ്വാദ്യകരമായി.
സൗപർണിക കലാക്ഷേത്ര, ജയ്ലിൻ & ജയ്മി കരുണ എന്നിവരുടെ സംഘനൃത്തങ്ങൾ, സിദ്ധു വിനോദിന്റെ ഓടക്കുഴൽ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. സദ്യയുടെ മേൽനോട്ടം ജിതേന്ദ്ര കൈമളും രവി മുണ്ടയ്ക്കലും ചേർന്ന് നിർവഹിച്ചു.
മറ്റു വിവിധ പരിപാടികൾക്ക് രഘു നായർ, രവി നായർ, വിജി നായർ, ചന്ദ്രൻ പിള്ള, ഗോപാൽ തുപ്പലിക്കാട്ട്, രാജഗോപാലൻ നായർ, ശോഭാ നായർ, വിജയ കൈമൾ, വിജയ പിള്ള, മിനി നായർ, ഉമാ മഹേഷ്, കലാ നായർ തുടങ്ങിയവർ നേതൃത്വം നൽകി.