ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ഥികളുടെ അപ്പാര്‍ട്ട്മെന്റിൽ വന്‍ തീപിടുത്തം; പാസ്പോര്‍ട്ട് അടക്കം രേഖകൾ കത്തിനശിച്ചു
ജോസ് കുമ്പിളുവേലില്‍
Wednesday, April 23, 2025 7:29 AM IST
പാരീസ്: ഫ്രാന്‍സിലെ ബ്ളാങ്ക് മെസ്നിലുണ്ടായ തീപിടിത്തത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച ബഹുനില കെട്ടിടം കത്തിനശിച്ചു. വിദ്യാര്‍ഥികളുടെ പാസ്പോര്‍ട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തിനശിച്ചു.
ഫ്രാന്‍സില്‍ നിന്നുള്ള ലോക കേരള സഭാംഗം കരണയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥികള്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.
13 വിദ്യാര്‍ഥികളാണ് കെട്ടിടത്തിൽ താസിക്കുന്നത്. ഇതില്‍ ആറു പേരുടെ സാമഗ്രികളാണ് പൂര്‍ണമായും അഗ്നിക്കിരയായത്. ഈ വിദ്യാര്‍ഥികള്‍ എല്ലാം തന്നെ വന്‍ പ്രതിസന്ധിയിലെന്നാണ് വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്ന കാര്യം.
ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയായി. ഇവര്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സില്‍ പഠനത്തിനായി എത്തിയ സീറോമലബാര്‍ വൈദികന് ഫാ. സിജോ എല്ലാതരത്തിലും വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനായി പരിശ്രമിക്കുകയാണ്. ചില വിദ്യാര്‍ഥികള്‍ അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുന്നതിനിടെയാണ് അപകടം.
മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടുവെന്നും പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ വീടിന് തീപിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പെട്ടെന്നുതന്നെ എല്ലാവരും വീടിനു വെളിയില്‍ കടന്നതിനാല്‍ മറ്റു അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല.
പാസ്പോര്‍ട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. ഇവര്‍ക്കു വേണ്ടുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും ശേഖരിക്കുന്ന ശ്രമത്തിലാണ് ഫാ.സിജോയും കരുണയും സീറോമലബാര്‍ കമ്യൂണിറ്റിയും.
സംഭവത്തില്‍ എംബസിയുടെയും കേരള സര്‍ക്കാരിന്റെയും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീടിന് തീപിടിച്ച് സാമഗ്രികള്‍ കത്തി നശിച്ചിരുന്നു.