കുരുവിള ജോർജ് അയ്യൻകോവിൽ യംഗ് ഫിനെ ഗെയിൽ ദേശീയ സെക്രട്ടറി
റോണി കുരിശിങ്കൽപറമ്പിൽ
Friday, April 4, 2025 4:32 PM IST
ഡബ്ലിൻ: ഫിനെ ഗെയിൽ യുവജനവിഭാഗമായ യംഗ് ഫിനെ ഗെയിലിന്റെ ദേശീയ സെക്രട്ടറിയായി കുരുവിള ജോർജ് അയ്യൻകോവിലനെ തെരഞ്ഞെടുത്തു. സംഘടനയുടെ ദേശീയ സമ്മേളനത്തിൽ പുതിയ പ്രവർത്തകസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ ഈ ഉത്തരവാദിത്വത്തിലേക്ക് തെരഞ്ഞെടുത്തത്.
വെെഎഫ്ജെയുടെ വിവിധ പ്രവർത്തനങ്ങളിലും നയപരമായ ചർച്ചകളിലും അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി മുഖ്യഭാഗം വഹിച്ചു. ദേശവ്യാപകമായ അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്.
ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. യംഗ് ഫിനെ ഗെയിൽ എന്നും ധൈര്യത്തോടെ മുന്നോട്ടു പോകുന്ന പുതിയ ആശയങ്ങൾക്ക് വേദിയായ സംഘടനയാണ്.
ഞങ്ങളുടെ തലമുറ ഐറിഷ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തേണ്ട സമയമാണിത്. അത് ഉറപ്പാക്കുന്നതിനായി ഞാൻ ഞങ്ങളുടെ ടീമിനൊപ്പം പ്രവർത്തിക്കുമെന്ന് കുരുവിള പറഞ്ഞു.
സോഫ്റ്റ്വെയർ എൻജിനിയറായി ജോലി ചെയ്യുന്ന കുരുവിള, ഡബ്ലിന്റെ ട്രിനിറ്റി കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഎഎ) ഗവേഷകനായി പ്രവർത്തിക്കുന്നതിന് പുറമെ, ഐറിഷ് ജസ്റ്റിസ് വകുപ്പ് നിയമിച്ച പീസ് കമ്മീഷണറായും സേവനം അനുഷ്ഠിക്കുന്നു.