അയർലൻഡിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം
ജെയ്സൺ കിഴക്കയിൽ
Monday, April 7, 2025 11:13 AM IST
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡബ്ലിനിൽ നടക്കും.
സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനം റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസരി ഓഫ് ഫാത്തിമ ദേവാലയത്തിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്കു രണ്ടു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലിസെഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവത്കരണത്തിന്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്എച്ച് ആണ് ധ്യാനം നയിക്കുന്നത്.
ഒട്ടനവധി വചന പ്രഘോഷണ വേദികളിലൂടേയും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ സി. ആൻ മരിയ അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്. ഉച്ചയ്ക്ക് രണ്ടിന് ശേഷം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സിസ്റ്റർ ആൻ മരിയയുമായി സ്പെഷ്യൽ സെഷൻ നടത്താൻ അവസരം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കുഞ്ഞുമോൾ സൈബു - 00353 87 754 4897, ആൽഫി ബിനു - 00353 877678365 എന്നിവരുമായി ബന്ധപ്പെടുക.
സ്മൈൽ (സീറോമലബാർ ഇൻക്ലൂസീവ് ലൈഫ് എക്സ്പീരിയൻസ്) - അയർലൻഡിലെ സീറോമലബാർ സഭയുടെ വിവിധ കുർബാന സെന്ററുകളിലെ സ്പെഷ്യൽ നീഡ്സ് കുട്ടികളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയാണ്.
സ്പെഷ്യൽ നീഡ്സുള്ള കുട്ടികളുടേയും കുടുംബങ്ങളുടേയും പിന്തുണയ്ക്കായി വിവിധ പരിപാടികൾ വികസിപ്പിക്കുകയും അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സ്പെഷ്യൽ നീഡ്സ് കുട്ടികളുള്ള എല്ലാ കുടുംബങ്ങളേയും സ്മൈൽ കൂട്ടായ്മയിലേയ്ക്കും ഈ ധ്യാനത്തിലേക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.