ലണ്ടൻ ആറ്റുകാൽ പൊങ്കാല 13ന് ന്യൂഹാമിലെ ശ്രീമുരുകൻ ക്ഷേത്രത്തിൽ
അപ്പച്ചൻ കണ്ണഞ്ചിറ
Friday, March 7, 2025 7:56 AM IST
ലണ്ടൻ: പതിനെട്ടാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഈ മാസം 13ന് ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീമുരുകൻ ക്ഷേത്രത്തിൽ നടക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹിക, സാംസ്കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്വർക്ക് (ബിഎഡബ്ല്യുഎൻ) ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് വർഷങ്ങളായി നേതൃത്വം നൽകുന്നത്.
13ന് രാവിലെ 9.30ന് പൂജാദികർമങ്ങൾക്ക് തുടക്കമാകും. ഇത്തവണ യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം കുറിക്കുന്നതും നാളുകളായി നേതൃത്വം നൽകുന്നതും.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്ഠ വ്യക്തികളും പൊങ്കാലയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433. വേദി: London Sree Murugan Temple,78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF.