ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ജോസ് കുമ്പിളുവേലില്‍
Tuesday, March 4, 2025 12:59 PM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ മാന്‍ഹൈമിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് ചിലരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണു നടന്നതെന്നാണു സംശയം.
പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്ഥിതി ചെയ്യുന്ന പാരഡേപ്ലാറ്റ്സ് സ്ക്വയറില്‍നിന്നു മാന്ഹേമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിൽ കറുത്ത നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശം നല്കി.
മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് രാജ്യത്ത് ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയുള്ള ആക്രമണം നടന്നത്. കഴിഞ്ഞമാസം 13നു മ്യൂണിക്കിൽ നടന്ന സമാനസംഭവത്തിൽ രണ്ടുവയസുള്ള കുഞ്ഞും യുവതിയും മരിച്ചിരുന്നു.