മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് വത്തിക്കാന്
Thursday, March 6, 2025 11:02 AM IST
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ വ്യതിയാനങ്ങളില്ലെന്ന് വത്തിക്കാൻ. മാർപാപ്പ കഴിഞ്ഞ രാത്രിയിൽ നന്നായി വിശ്രമിച്ചുവെന്നും രാവിലെ എട്ടോടെ ഉറക്കമുണർന്നുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മാർപാപ്പയ്ക്ക് ശ്വാസതടസവും ശ്വാസകോശ മസിലുകൾ കോച്ചുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നെങ്കിലും ചൊവ്വാഴ്ച ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. ന്യുമോണിയ ബാധയുടെ ഫലമായി ശ്വാസകോശ മസിലുകൾ അനിയന്ത്രിതമായി സങ്കോചിക്കുന്നതിനുള്ള സാധ്യതകൾ ഡോക്ടർമാർ പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല.
കഴിഞ്ഞദിവസവും മാർപാപ്പയ്ക്ക് ശ്വാസകോശ ഫിസിയോതെറാപ്പി തുടർന്നു. ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവർത്തനം തൃപ്തികരമാണ്. മാർപാപ്പയുടെ നിലവിലെ അവസ്ഥ ആശ്വാസകരമാണെങ്കിലും മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു.
അതേസമയം, ബുധനാഴ്ച റോമിലെ സാന്താ സാബിന ബസിലിക്കയിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങളിൽ മാർപാപ്പയ്ക്കു പകരം കർദിനാൾ ആഞ്ചലോ ദെ ദൊനാത്തിസ് മുഖ്യകാർമികത്വം വഹിച്ചു.