റൂബി ജൂബിലി: മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണവും നോമ്പുകാല ഒരുക്കവും സംഘടിപ്പിച്ചു
ജെജി മാന്നാർ
Tuesday, March 4, 2025 1:25 PM IST
റോം: മാർത്തോമ്മാ യോഗം റൂബി ജൂബിലിയുടെ ഭാഗമായി കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണവും നോമ്പുകാല ഒരുക്കവും ചികിത്സയിലായിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി പ്രാർഥനയും നടത്തി.
റോമിൽ പഠനരംഗത്തും വിവിധ കർമരംഗങ്ങളിലും വ്യാപൃതരായിരിക്കുന്ന സീറോമലബാർ, സീറോമലങ്കര സഭകളിലെ വൈദികരുടെയും സമർപ്പിതരുടെയും ബ്രദേഴ്സിന്റെയും കൂട്ടായ്മയായ മാർത്തോമ്മാ യോഗത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായി റോമിലെ പ്രധാന ബസിലിക്കകളിൽ ഒന്നായ മരിയമജോറെ ബസിലിക്കയിലെ പൗളിനോ ചാപ്പലിൽ വച്ച് ശനിയാഴ്ച കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പണവും "ഇടയനോടൊപ്പം' സംഗമവും നടത്തി.
കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനൊപ്പം മാർത്തോമ്മാ യോഗം വൈസ് പ്രസിഡന്റ് റവ.ഫാ. ഫെമിൻ ചിറ്റിലപ്പള്ളിയും സീറോമലങ്കര സഭയുടെ പ്രതിനിധിയായി റവ.ഫാ. ഡോമിനിക് മൂഴിക്കരയും സഹകാർമികരായിരുന്നു.
കുർബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തിൽ മാർത്തോമ്മാ യോഗം കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് പ്രത്യേകമായി ആദരവും അഭിനന്ദനങ്ങളും നേർന്നു. കർദിനാൾ പദവിയും മതാന്തര സംവാദത്തിനുള്ള ഡികാസ്ട്രിയുടെ പുതിയ പ്രിഫെക്ടായും തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ഫാ.റവ.ഫാ. ആന്റണി മരിയഭവൻ ആശംസകൾ അറിയിച്ചു.

റൂബി ജൂബിലിയുടെയുടെ നിറവിലായിരിക്കുന്ന മാർത്തോമ്മാ യോഗം കൂട്ടായ്മയുടെ നോമ്പുകാലത്തിന് ഒരുക്കമായി നടത്തിയ ഈ സംഗമത്തിൽ വിശ്വാസത്തിന്റെ ആഴങ്ങളിലേക്കും സഭാ സ്നേഹത്തിന്റെ തീഷ്ണതയിലേക്കും കൂടുതൽ വളരാനുള്ള ആഹ്വാനം കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ഏവർക്കുമായി നൽകി.
ഫ്രാൻസിസ് മാർപാപ്പ തന്റെ യാത്രകളോട് അനുബന്ധിച്ച് സ്ഥിരമായി പ്രാർഥിക്കാറുള്ള മരിയമജോറെ ബസിലിക്കയിലെ പരിശുദ്ധ മാതാവിന് സമർപ്പിച്ചിരിക്കുന്ന പൗളിനോ ചാപ്പലിൽ വച്ച് നടത്തിയ കൂട്ടായ്മയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്ന മാർപാപ്പയ്ക്ക് വേണ്ടി മാർത്തോമ്മാ യോഗം കൂട്ടായ്മ പ്രത്യേകം പ്രാർഥനകൾ സമർപ്പിക്കുകയും ചെയ്തു.
സെക്രട്ടറി സി. നിഖിയ സിഎംസി എല്ലാവർക്കും നന്ദി അറിയിച്ചു. പങ്കെടുത്ത അംഗങ്ങൾക്കും മാർത്തോമ്മാ യോഗം ഭാരവാഹികൾ ആത്മാർഥമായ നന്ദി രേഖപ്പെടുത്തി.