യുകെയിലെ മലയാളി ഡോക്ടർക്ക് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയിൽ ഓണററി ലൈഫ് അംഗത്വം
അരുൺ ജോർജ് വാതപ്പള്ളിൽ
Thursday, March 6, 2025 4:42 PM IST
ലണ്ടൻ: യുകെയിലെ മലയാളിയായ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. വിനോദ് മേനോന് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഓണററി ലൈഫ് അംഗത്വം നൽകി ആദരിച്ചു.
അമിതവണ്ണമുള്ള വ്യക്തികൾക്കുള്ള പരിചരണം, നേതൃത്വം, അധ്യാപനം, പരിശീലനം എന്നിവയ്ക്കുള്ള ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് കൺസൾട്ടന്റ് സർജൻ ഡോ. വിനോദ് മേനോന് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യ(ഒഎസ്എസ്ഐ) ഓണററി ലൈഫ് അംഗത്വം നൽകി ആദരിച്ചത്.
ഫെബ്രുവരി 20 മുതൽ 22 വരെ മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ഐഎഫ്എസ്ഒ - എപിസി & ഒഎസ്എസ്ഐ കോൺഗ്രസ് 2025ൽ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറാണ് ഈ അഭിമാനകരമായ അവാർഡ് സമ്മാനിച്ചത്.
ലാപ്രോസ്കോപ്പിക് അപ്പർ ഗാസ്ട്രോ ഇന്റസ്റ്റൈനൽ ഒബിസിറ്റി സർജനും കാൻസർ വിദഗ്ധനുമായ ഡോ. വിനോദ് മേനോൻ കവൻട്രി, വാർവിക്ഷയർ, ലീമിംഗ്ടൺ സ്പാ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഹെഡായും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഒബിസിറ്റി & മെറ്റബോളിക് എസ്എംഎസ്എസ്എസ്റി സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ആദ്യത്തെ വെള്ളക്കാരല്ലാത്ത വ്യക്തി കൂടിയായി ഡോ.വിനോദ് മേനോൻ.
ബിഒഎംഎസ്എസിലെ പ്രസിഡന്റായ കാലത്ത് തന്നെ, ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയുമായി(ഒഎസ്എസ്ഐ) സംയുക്ത സഹകരണത്തിന് തുടക്കമിട്ടു. ഇത് രണ്ട് സമൂഹങ്ങൾക്കിടയിലുള്ള അറിവ്, മാർഗനിർദ്ദേശങ്ങൾ, പരിചരണ പാതകൾ, ഗവേഷണം എന്നിവയുടെ കൈമാറ്റം സാധ്യമാക്കി. ഇരുദിശകളിലുമുള്ള ട്രെയിനികൾക്കായി വിദേശ ഫെലോഷിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
അമിതവണ്ണം ബാധിച്ചവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും മെഡിക്കൽ കമ്യൂണിറ്റിയിൽ അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിലും ഡോ. മേനോന്റെ അചഞ്ചലമായ സമർപ്പണത്തെയാണ് ഈ അഭിമാനകരമായ ബഹുമതി പ്രതിഫലിപ്പിക്കുന്നത്.
തന്റെ മേഖലയിൽ വളരെ പരിചയസമ്പന്നനായ ഒരു പ്രഫഷണലെന്ന നിലയിൽ ഡോ. മേനോന്റെ സംഭാവനകൾ യുകെ മലയാളി സൂഹത്തിനാകെ അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും യുക്മ ദേശീയ നേതൃത്വം അറിയിച്ചു.