യുക്മയുടെ ഈ വർഷത്തെ പ്രധാന പ്രഖ്യാപിച്ചു
കുര്യൻ ജോർജ്
Thursday, March 6, 2025 3:03 PM IST
ലണ്ടൻ: 2025ലെ മൂന്ന് സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ജൂൺ 28നാണ് യുക്മ ദേശീയ കായികമേള നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ മലയാളി കായികതാരങ്ങൾ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി റീജിയണൽ കായികമേളകൾ വിവിധ റീജിയണുകളുടെ നേതൃത്വത്തിൽ നടത്തപ്പെടും. റീജിയണൽ കായികമേളകളിലെ വിജയികളാണ് ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അർഹരാകുന്നത്.
യുക്മ സംഘടിപ്പിക്കുന്ന ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇവന്റും യുകെ മലയാളി സമൂഹം ഹൃദയത്തിലേറ്റിയതുമായ വള്ളംകളി ഓഗസ്റ്റ് 30ന് നടത്തപ്പെടും. ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന് വള്ളംകളി കഴിഞ്ഞ ആറ് വർഷവും പ്രധാന സംഘാടകനായി പ്രവർത്തിച്ച എബി സെബാസ്റ്റ്യൻ യുക്മയെ നയിച്ചുകൊണ്ട് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് 2025ലെ കേരളപൂരം വള്ളംകളിക്ക്.
യുകെ മലയാളികളുടെ ജലോത്സവമായി മാറിക്കഴിഞ്ഞ യുക്മ കേരളപൂരം വള്ളംകളി, കേരളത്തിന് വെളിയിൽ മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സര വള്ളംകളിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ മുൻ വർഷങ്ങളിലെ പോലെ സെലിബ്രിറ്റികളും വിശിഷ്ടാതിഥികളും ഈ വർഷവും എത്തിച്ചേരും.
വള്ളംകളിയോടൊപ്പം വിവിധ കേരളീയ കലാരൂപങ്ങളും അരങ്ങേറുന്ന കേരളപൂരം വള്ളംകളി യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷവേദി കൂടിയാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പടെ കുടുംബമൊന്നിച്ച് ആഘോഷിക്കുവാൻ പറ്റുന്ന വിധത്തിലുള്ള വൻ ഒരുക്കങ്ങളാണ് കേരളപൂരത്തിനോട് അനുബന്ധിച്ച് യുക്മ ആസൂത്രണം ചെയ്യുന്നത്.
യുകെയിലെ കലാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യുക്മ പതിനാറാമത് ദേശീയ കലാമേള നവംബർ ഒന്നിന് നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമത്സരമെന്ന് പേരുകേട്ട യുക്മ കലാമേളയ്ക്ക് യുകെയിലെ കലാസ്വാദകർ നൽകി വരുന്ന പിന്തുണ ഏറെ വലുതാണ്.
ഒക്ടോബറിലെ വിവിധ ശനിയാഴ്ചകളിലായി റീജിയണൽ തലത്തിൽ നടക്കുന്ന കലാമേളകളിലെ വിജയികൾക്കാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുക. യുക്മ കായികമേള, കലാമേള എന്നിവക്കുള്ള നിയമാവലി സമയബന്ധിതമായി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിക്കുന്നതാണ്.
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കായികമേളകൾ, ഏഴാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യുകെ മലയാളികളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അഭ്യർഥിച്ചു.