ജർമനിയിൽ റെയില്‍ പ്ലാന്റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം
ജോസ് കുമ്പിളുവേലിൽ
Friday, February 21, 2025 2:57 PM IST
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു. ഫ്രാങ്കോ - ജർമൻ ഡിഫൻസ് ഗ്രൂപ്പ് കെഎൻഡിഎസ് ഒപ്പിട്ട കരാർ പ്രകാരം കിഴക്കൻ ജർമനിയിലെ പഴയ ട്രെയിൻ ഫാക്ടറിയെ ടാങ്കുകളുടെയും മറ്റ് സൈനിക വാഹനങ്ങളുടെയും ഉത്പാദന പ്ലാന്റാക്കി മാറ്റുന്നു.
പ്ലാന്റിന്റെ പരിവർത്തനം ജർമനിക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതായി ഗോർലിറ്റ്സ് നഗരത്തിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
ട്രെയിൻ വാഗണുകൾക്ക് പകരം, പ്രതിരോധ വ്യവസായത്തിനുള്ള ഭാഗങ്ങൾ അടുത്ത വർഷം മുതൽ ഇവിടെ നിർമിക്കും. റഷ്യ - യുക്രെയ്ൻ യുദ്ധം യൂറോപ്യൻ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കാണിച്ച് തന്നുവെന്നും ഒലാഫ് ഷോൾസ് വ്യക്തമാക്കി.
പോളണ്ടുമായുള്ള ജർമനിയുടെ അതിർത്തിയോട് ചേർന്നാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. കരാർ പ്രകാരം, കെഎൻഡിഎസ് നിലവിലെ ഉടമയായ ഫ്രഞ്ച് റെയിൽ നിർമാതാക്കളായ അൽസ്ട്രോമിൽ നിന്ന് ഫാക്ടറിയുടെ ഏറ്റെടുക്കൽ 2027ൽ പൂർത്തിയാക്കും.
പ്ലാന്റിലെ 700 ജീവനക്കാരിൽ പകുതിയോളം പേരെ ഡിഫൻസ് ഗ്രൂപ്പ് നിലനിർത്തുകയും ഏതാനും ചിലർക്ക് വിവിധ ഉത്പാദന സൈറ്റുകളിൽ സ്ഥലങ്ങൾ നൽകുകയും ചെയ്യും