യുഎസിന്റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി
ജോസ് കുമ്പിളുവേലിൽ
Wednesday, February 19, 2025 11:58 AM IST
ബെര്‍ലിന്‍: യൂറോപ്പിന്റെ സുരക്ഷ വഴിത്തിരിവിലാണെന്നും യുക്രെയ്നിലെ യുദ്ധത്തിൽ യുഎസിന്റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. അടിയന്തര യോഗത്തിനായി പാരീസ് നഗരത്തിൽ എത്തിയതായിരുന്നു ഉർസുല.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ശ്രമങ്ങൾ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷികളെ മാറ്റി നിർത്തിയ സംഭവത്തിൽ തന്ത്രങ്ങൾ മെനയാനാണ് പ്രധാന യൂറോപ്യൻ ശക്തികളിൽ നിന്നുള്ള നേതാക്കൾ ഫ്രാൻസിൽ ഒത്തുകൂടിയിരിക്കുകയാണ്.
യൂറോപ്പിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധരായ എല്ലാ രാജ്യക്കാരുടെയും പങ്കാളിത്തത്തോടെ തുടരുന്ന ഒരു പ്രക്രിയയുടെ തുടക്കമാണ് കൂടിക്കാഴ്ചയെന്ന് യൂറോപ്യൻ കൗൺസിൽ മേധാവി അന്റോണിയോ കോസ്റ്റയും പറഞ്ഞു.
ബ്രിട്ടൻ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, പോളണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഗവൺമെന്റ് തലവൻമാരെയും യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ കമ്മീഷൻ, നാറ്റോ എന്നിവയുടെ തലവന്മാരും പാരീസിലെ യോഗത്തിൽ പങ്കെടുത്തു.