മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുറന്നു
ജോസ് കുമ്പിളുവേലിൽ
Tuesday, February 18, 2025 11:56 AM IST
പാരീസ്: ഫ്രാൻസിലെ മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചേർന്നാണ് കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഉദ്ഘാടന വേളയില്‍ മക്രോണിന്റെ സാന്നിധ്യം ഉണ്ടായതില്‍ മോദി സന്തോഷം പ്രകടമാക്കി. കോണ്‍സുലേറ്റില്‍ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ഇന്ത്യന്‍ പ്രവാസി അംഗങ്ങള്‍ ഇരുനേതാക്കളെയും ഊഷ്മളമായി സ്വീകരിച്ചു.
2023 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് മാര്‍സെയില്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍സുലേറ്റ് ജനറലിന് ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള നാല് ഫ്രഞ്ച് ഭരണ പ്രദേശങ്ങളായ പ്രോവിന്‍സ് ആല്‍പ്സ് കോട്ട് ഡി അസുര്, കോര്‍സിക്ക, ഓക്സിറ്റാനി - അര്‍സൂവെര്‍ഗനെ എന്നിവയാണ് പുതിയ കോൺസുലേറ്റിന്റെ അധികാര പരിധിയിലുള്ളത്.
ഫ്രാന്‍സിലെ ഈ പ്രദേശം വ്യാപാരം, വ്യവസായം, ഊര്‍ജം, ആഡംബര ടൂറിസം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രദേശങ്ങളാണിത്. ഫ്രാന്‍സിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരത്തിലെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ബഹുമുഖമായ ഇന്ത്യ - ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.