യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിൽ: ജെ.ഡി. വാൻസ്
ജോസ് കുമ്പിളുവേലിൽ
Wednesday, February 19, 2025 11:40 AM IST
ബെർലിൻ: യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം കുറയുകയാണെന്നും കൂട്ട കുടിയേറ്റമാണ് ഭൂഖണ്ഡത്തിന് ഏറ്റവും വലിയ വെല്ലുവിളിയെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തീവ്ര വലതുപക്ഷവുമായി സഹകരിക്കുന്നതിനുള്ള ചെറുത്തുനിൽപ്പ് ഉപേക്ഷിക്കണമെന്ന് ജർമനിയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു. തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുമായി സഹകരിക്കരുതെന്ന നിലപാട് ജർമനിയിലെ മറ്റ് പാർട്ടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ നിലപാട് ശരിയല്ലെന്ന് വാൻസ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ എഎഫ്ഡിയുടെ സ്ഥാനാർഥിയായ ആലീസ് വീഡലുമായി വാൻസ് കൂടിക്കാഴ്ച നടത്തി. അതേസമയം, യൂറോപ്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള വാൻസിന്റെ പരാമർശങ്ങളെ ജർമൻ പ്രതിരോധ മന്ത്രി വിമർശിച്ചു.
യൂറോപ്പിനുള്ളിലെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അഭാവത്തെക്കുറിച്ചുള്ള വാൻസിന്റെ പരാമർശം ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തള്ളി.