ഫ്രാൻസിസ് മാർപാപ്പയ്ക്കു കടുത്ത ന്യുമോണിയ; ആരോഗ്യസ്ഥിതി അല്പം സങ്കീർണമെന്ന് വത്തിക്കാന്‍
Thursday, February 20, 2025 10:00 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് കടുത്ത ന്യുമോണിയ ബാധിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമായ അവസ്ഥയിലാണെന്നും വത്തിക്കാന്‍. ആറു ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുകയാണ് മാർപാപ്പ.
പോളി മൈക്രോബിയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തേ കണ്ടെത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രി നടത്തിയ ലബോറട്ടറി പരിശോധനകളും എക്സ്റേ, സ്കാൻ റിപ്പോർട്ടുകളും മാർപാപ്പയുടെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമായ സാഹചര്യമാണു കാണിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.
ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുമ്പോഴും മാർപാപ്പ സന്തോഷവാനാണെന്നും കഴിഞ്ഞ രാത്രി നന്നായി ഉറങ്ങിയെന്നും പ്രഭാതഭക്ഷണം കഴിച്ചെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ഉച്ചയ്ക്കു പുറത്തുവിട്ട വാർത്താ ബുള്ളറ്റിനിൽ അറിയിച്ചു. ബെഡിൽനിന്നു സ്വയം എഴുന്നേറ്റ് കസേരയിലിരുന്നതായും വത്തിക്കാൻ വക്താവ് അറിയിച്ചു.
റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യസ്ഥിതി സങ്കീര്‍ണമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിക്കാൻ വിവിധ രാജ്യങ്ങളിലെ മെത്രാന്മാര് ആഹ്വാനം ചെയ്തു. വരുംദിവസങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന അര്‍പ്പണങ്ങളില്‍ മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രത്യേക പ്രാർഥന നടത്താനാണ് മെത്രാന്മാർ അഭ്യർഥിച്ചത്.
മാർപാപ്പയുടെ രോഗമുക്തിക്കുവേണ്ടി ജപമാല ചൊല്ലി പ്രാർഥിക്കാൻ ചിലിയിലെ സാന്റിയാഗോ ആർച്ച്ബിഷപ് കർദിനാൾ ഫെർണാണ്ടോ ചോമാലി ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി ഗ്വാഡലൂപ്പ് മാതാവിന്റെ മാധ്യസ്ഥ്യം തേടി പ്രാർഥനകൾ ഉയർത്താമെന്ന് മെക്സിക്കൻ ബിഷപ്പുമാർ അവരുടെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
തിരുസഭയെ നയിക്കുന്നതിന് അദ്ദേഹത്തിനു ശക്തി ലഭിക്കാന്‍ നമുക്ക് അപേക്ഷിക്കാമെന്നും മെക്സിക്കൻ ബിഷപ്പുമാർ കുറിച്ചിട്ടുണ്ട്. മാർപാപ്പയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭ്യർഥിച്ചു.
പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയർപ്പണത്തിന്റെയും മറ്റു പ്രാർഥനകളുടെയും അവസരങ്ങളിലും കുടുംബപ്രാർഥനകളിലും മാർപാപ്പയെ പ്രത്യേകമായി ഓർക്കണമെന്നും മാർ തട്ടിൽ അഭ്യർഥിച്ചു.
മാർപാപ്പയുടെ ആരോഗ്യം വീണ്ടെടുക്കലിനായുള്ള പ്രാർഥനയ്ക്കുള്ള ആഹ്വാനത്തിൽ കത്തോലിക്കാ വിശ്വാസിയായ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പങ്കുചേർന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി നമുക്കെല്ലാവർക്കും പ്രാർഥിക്കാമെന്നാണ് വാന്‍സ് ‘എക്സി’ല്‍ കുറിച്ചത്.
കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ മാർപാപ്പയുടെ സൗഖ്യത്തിനായി പ്രാർഥനാശംസകൾ നേർന്നും തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും വത്തിക്കാനിലേക്ക് അയയ്ക്കുന്നത് തുടരുകയാണ്.
അതേസമയം, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി ഇന്നലെ ആശുപത്രിയിൽ മാർപാപ്പയെ സന്ദർശിച്ചു. മാർപാപ്പ നല്ല മാനസികാവസ്ഥയിലാണെന്ന് സന്ദർശനശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ മെലോണി പറഞ്ഞു.
മാർപാപ്പയ്ക്ക് നർമബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലായ്പോഴുമെന്നപോലെ തങ്ങൾ തമാശ പറഞ്ഞെന്നും മെലോണി കൂട്ടിച്ചേർത്തു.