ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിൽ ഇടംനേടി മലയാളി ആദിൽ നൈസാം
ജെയ്സൺ കിഴക്കയിൽ
Tuesday, February 18, 2025 11:48 AM IST
ഡബ്ലിൻ: മലയാളിയായ ആദിൽ നൈസാം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിൽ ഇടംനേടി. അണ്ടർ 16 വിഭാഗത്തിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുക്കുക.
ഡബ്ലിൻ ഫീനിക്സ് ക്രിക്കറ്റ് ക്ലബിൽ നിന്നും സെക്ഷൻ ലഭിച്ച ഏക മലയാളിയാണ് ആദിൽ. ജോഹന്നാസ്ബർഗിൽ വ്യാഴാഴ്ച മത്സരങ്ങൾ ആരംഭിക്കും. ഇതിലേക്കായി 11 അംഗ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു.
മൊത്തം അഞ്ചു മത്സരങ്ങളാണുള്ളത്. ചൊവ്വാഴ്ച സ്റ്റിറ്റിയൻസ് ടീമുമായി വാം അപ്പ് മത്സരവും നടക്കും. അയർലൻഡിൽ നിന്നും പോവുന്ന ടീം അംഗങ്ങൾ മത്സരങ്ങൾക്ക് പുറമെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ക്രിക്കറ്റ് ട്രെയിനിംഗ് ക്യാമ്പിലും പങ്കെടുക്കും.
ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ ബെൽവിഡിയർ കോളജിലെ ജൂണിയർ സെർട്ട് വിദ്യാർഥിയായ ആദിൽ ക്രിക്കറ്റിനൊപ്പം പഠനത്തിലും മികവ് തെളിയിച്ചു വരുന്നു. ഇതിനകം നടന്ന ഒട്ടേറെ മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനം മൂലമാണ് ആദിലിനു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടാനായത്.
2023ൽ ലെൻസ്റ്റർ ക്ലബിന്റെ മികച്ച ബൗളറിനുള്ള അവാർഡും 2024ൽ ഫീനിക്സ് ക്ലബിന്റെ മികച്ച താരത്തിനുള്ള അവാർഡും ആദിൽ നേടിയിരുന്നു.
തിരുവനന്തപുരം പള്ളിക്കൽ സ്വദേശി കുന്നിൽ നൈസാമിന്റെയും(അയർലൻഡ്) തിരുവനന്തപുരം തോന്നയ്ക്കൽ പുതുവൽവിള പുത്തൻവീട്ടിൽ ഡാഫോഡിൽസിൽ സുനിത ബീഗത്തിന്റെയും (നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ ഡബ്ലിൻ, അയർലൻഡ്) മകനാണ് ആദിൽ.