തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ
ജോസ് കുമ്പിളുവേലിൽ
Friday, February 21, 2025 1:33 PM IST
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധതി. ഇവർക്ക് സൗജന്യ ബിയറോ ആൽക്കഹോൾ രഹിത പാനീയങ്ങളോ സോസേജ് റോളോ നൽകുന്നതാണ് പദ്ധതി.
വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വരുന്നതിന് പ്രേരിപ്പിക്കുന്നതിനായി സമീപത്തുള്ള ഒരു ബിയർ കാർട്ടിൽ ഉപയോഗിക്കാവുന്ന വൗച്ചറുകളാണ് നൽകുന്നത്. പ്രാദേശിക ബ്രൂവറികളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി ഡ്യൂയിസ്ബുര്‍ഗ് അധികൃതർ അംഗീകരിച്ചിട്ടുണ്ട്.
ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 80 ഓളം വോട്ടർമാർ ഈ അവസരം പ്രയോജനപ്പെടുത്തി. വോട്ടിംഗ് നിരക്ക് കുറവായ നഗരത്തിന്റെ വടക്കൻ പ്രദേശത്തെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2021 ഫെഡറൽ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ശരാശരി 76.6 ശതമാനം ആയപ്പോഴേക്കും ഡ്യൂയിസ്ബുര്‍ഗ് നമ്പർ2 മണ്ഡലത്തിൽ വെറും 63.3 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.