രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം ഒരുക്കി ഒഐസിസി യുകെ; ജനങ്ങളെ കെെയിലെടുത്ത് യുവനേതാവ്
അപ്പച്ചൻ കണ്ണഞ്ചിറ
Wednesday, February 19, 2025 12:15 PM IST
കവൻട്രി: യുകെയിലെത്തിയ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന് കവൻട്രിയിൽ ഗംഭീര പൗരസ്വീകരണവും ആദരവും ഒരുക്കി ഒഐസിസി യുകെ. കൊവൻട്രിയിലെ ടിഫിൻ ബോക്സ് റസ്റ്ററന്റിൽ വച്ച് സംഘടിപ്പിച്ച സ്വീകരണത്തിൽ യുകെയുടെ വിവിധ ഇടങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.
തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒഐസിസി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. നാഷണൽ വക്താവും പ്രോഗ്രാം കോഓർഡിനേറ്ററുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നൽകി. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് ആശംസകൾ നേർന്നു.

പരിപാടിയിൽ പങ്കെടുത്തവരുമായി സംവാദിക്കുന്നതിനും രാഹുൽ സമയം കണ്ടെത്തി. സദസിന്റെ ചോദ്യങ്ങൾക്ക് കാച്ചിക്കുറുക്കിയും ചിന്തിപ്പിക്കുന്നതുമായ മറുപടികളിലൂടെ അദ്ദേഹം പരിപാടിയിലെ മിന്നും താരമായി മാറി.
ചടങ്ങിൽ വച്ച് ഒഐസിസി യുകെ കവൻട്രി യൂണിറ്റ് രാഹുലിന് സ്നേഹാദരവ് നൽകി. സംഘടനയുടെ കവൻട്രി, ലെസ്റ്റർ യൂണിറ്റുകളുടെ ഇൻസ്റ്റലേഷനും ഭാരവാഹികൾക്കുള്ള ചുമതലാപത്രം കൈമാറുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

യുകെയിലെ ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹത്തിനും അംഗീകാരത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച രാഹുൽ പരിപാടിയിൽ പങ്കെടുത്തവരോടൊപ്പം സ്നേഹവിരുന്നും ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. കവൻട്രി യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു.