വൂസ്റ്റർ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസ് ആരംഭിക്കുന്നു; ഉദ്ഘാടനം ശനിയാഴ്ച
ബിബിൻ കെ. ജോയ്
Friday, February 14, 2025 4:50 PM IST
വൂസ്റ്റർ: ഇംഗ്ലണ്ടിലെ വൂസ്റ്ററിൽ സജീവമായി പ്രവർത്തിക്കുന്ന വൂസ്റ്റർ ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി.എ. ജോസഫ് നിർവഹിക്കും.
മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, ലോക കേരള സഭാംഗവും റീജീയണൽ കോഓർഡിനേറ്ററുമായ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഫാമിലി ക്ലബ് സെക്രട്ടറി ബിബിൻ കെ. ജോയ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സവിത രവീന്ദ്രൻ കൃതജ്ഞതയും പറയും. വൂസ്റ്റർ റഷ്വിക്ക് വില്ലേജ് ഹാളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലെ വൂസ്റ്ററിൽ കുടിയേറിയിട്ടുള്ള മലയാളി കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കുകയും അതിലൂടെ നാടിന്റെ സംസ്കാരവും പൈതൃകവും വരും തലമുറയിലും എത്തിക്കണമെന്നുള്ള ആഗ്രഹമാണ് വൂസ്റ്റർ ഫാമിലി ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സഫലീകൃതമാകുന്നത്.
നിരവധി കുട്ടികളാണ് "എന്റെ മലയാളം' എന്ന പേരിൽ ആരംഭിക്കുന്ന മലയാളം സ്കൂളിൽ ചേർന്ന് ആദ്യാക്ഷരം കുറിക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ വൂസ്റ്ററിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളായ കുട്ടികൾ മലയാളഭാഷ ശരിയായ രീതിയിൽ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യണമെന്നുള്ള ലക്ഷ്യത്തോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
കുട്ടികളെ സുഗമമായ രീതിയിൽ മലയാളം പഠിപ്പിക്കുന്നതിനായി അധ്യാപകരെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റിയും ഊർജസ്വലമായി പ്രവർത്തിച്ചുവരുന്നു.
വൂസ്റ്ററിലെ മുഴുവൻ മലയാളി കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും ഉദ്ഘാടന പരിപാടികളിൽ എല്ലാവരും വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്നും വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസ്, വൈസ് പ്രസിഡന്റ് സിനോജ് സെബാസ്റ്റ്യൻ, സെക്രട്ടറി ബിബിൻ കെ. ജോയ്, ട്രഷറർ ജോൺ ബാബു എന്നിവർ അഭ്യർഥിച്ചു.
ഹാളിന്റെ വിലാസം: Rushwick Village Hall, Branford Road, WR2 5TA. Date and Time: 15/2/25, 2 Pm.
കൂടുതൽ വിവരങ്ങൾക്കും കുട്ടികളുടെ രജിസ്ട്രേഷൻ സംബന്ധമായകാര്യങ്ങൾക്കും: [email protected]