മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ സംഗമം ഗംഭീരമായി
റോയ് തോമസ്
Tuesday, February 18, 2025 10:25 AM IST
എക്സിറ്റർ: യുകെയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ(എംടിഡിയുകെ) മൂന്നാമത് സംഗമം പീക്ക് ഡിസ്ട്രക്റ്റിലെ തോൺബ്രിഡ്ജ് ഔട്ട്ഡോർസിൽ നടന്നു.
തൊഴിൽ മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും കൂടുതൽ മലയാളികളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും കൂട്ടായ്മയിൽ ചർച്ചകൾ നടന്നു.
സ്വന്തമായി ലോജിസ്റ്റിക് ബിസിനസ് നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് ബിജോ ജോർജ്, ജയേഷ് ജോസഫ്, ബിൻസ് ജോർജ് എന്നിവർ സംസാരിച്ചു.

2025-26 വർഷത്തിലെ കമ്മിറ്റി അംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), ജെയ്ൻ ജോസഫ് (ലെസ്റ്റർ), അമൽ പയസ് (അബ്രഡിയൻ), അനിൽ ഏബ്രഹാം (അയൽസ്ബറി), ജിബിൻ ജോർജ് (കെന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
തോമസ് ജോസഫ് മുഖ്യ പ്രഭാഷണവും ബിജു തോമസ് സ്വാഗതവും റോയ് തോമസ് നന്ദിയും പറഞ്ഞു. കോശി വർഗീസും റെജി ജോണും ചേർന്ന് എംടിഡിയുകെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

വിഭവ സമൃദ്ധമായ ഭക്ഷണവും ആഘോഷങ്ങളുമുണ്ടായിരുന്നു. മൂന്നാം ദിവസം പീക്ക് മലനിരകൾ ഇറങ്ങി യുകെയിലെ നിരത്തിലൂടെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗങ്ങൾ വീടുകളിലേക്ക് മടങ്ങി.
ഇംഗ്ലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി യൂറോപ്യൻ നിരത്തുകളിലുടെ ട്രക്ക് പായിക്കുന്ന മലയാളി ഡ്രെെവർമാരുടെ എണ്ണം ഇന്ന് ഇരുന്നൂറിലധികമായി എന്നും ഭാരവാഹികൾ പറഞ്ഞു.