പ്രവർത്തകരിൽ ആവേശമുയർത്തി രാഹുൽ മാങ്കൂട്ടത്തിൽ; ഉജ്വല സ്വീകരണമൊരുക്കി ഒഐസിസി
അപ്പച്ചൻ കണ്ണഞ്ചിറ
Monday, February 17, 2025 1:37 PM IST
ബർമിംഗ്ഹാം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ബർമിംഗ്ഹാം വിമാനത്താവളത്തിൽ വച്ച് ഒഐസിസി യുകെ ഗംഭീര സ്വീകരണമൊരുക്കി.
നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ പൂച്ചെണ്ട് നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്.
നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ അടക്കം നിരവധി പേർ രാഹുൽ മാങ്കൂട്ടത്തിലിനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

രാഹുൽ നടത്തുന്ന ആദ്യ യുകെ സന്ദർശനമാണിത്. ഒഐസിസി യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുൽ യുകെയിൽ എത്തിയിരിക്കുന്നത്.
ഒഐസിസി യുകെയുടെ ബോൾട്ടണിൽ ഒരുക്കിയ നാഷണൽ കമ്മിറ്റി ഓഫീസ്, പ്രിയദർശിനി ലൈബ്രറി, ഉമ്മൻ ചാണ്ടി, പി.ടി. തോമസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഓൾ യുകെ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവയുടെ ഉദ്ഘാടനം രാഹുൽ നിർവഹിക്കും.

കവൻട്രിയിലെ ടിഫിൻ ബോക്സ് റസ്റ്ററന്റിൽ വച്ച് സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും ടോക്ക് ഷോയിലും അദ്ദേഹം പങ്കെടുക്കും.