ജർമനിയിൽ ഡോക്ടർക്ക് നേരെ കത്തി കാണിച്ച് രോഗിയുടെ ഭീഷണി; പ്രതിയെ വെടിവച്ചു വീഴ്ത്തി പോലീസ്
ജോസ് കുമ്പിളുവേലിൽ
Thursday, February 20, 2025 10:55 AM IST
ബെര്‍ലിന്‍: ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ രോഗിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ജർമനിയിലെ ഡ്യൂസൽഡോർഫ് സർവകലാശാല ആശുപത്രിയിലാണ് സംഭവം. കാലിൽ വെടിയേറ്റ അക്രമി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റാർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് 34 വയസുകാരനായ രോഗി ഡോക്ടർക്ക് നേർക്ക് കത്തി വീശിയത്. രോഗിയുടെ ഭീഷണിയെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് പോലീസെത്തി രോഗിയുടെ കാലിൽ വെടിവച്ചത്. നേരത്തെ ആശുപത്രിയുടെ സ്റ്റെയർ കേസിന് സമീപത്ത് വച്ച് പോലീസിനെ കണ്ട് ഓടിപ്പോയ ഇയാളുടെ നേർക്ക് പോലീസ് സ്റ്റൺ ഗൺ ഉപയോഗിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
മറ്റ് ഭീഷണിയൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് നടപടികൾ അവസാനിപ്പിച്ചത്.