യുക്മ നോർത്ത് വെസ്റ്റ് റീജിയണിന് ഇനി പുതിയ നേതൃത്വം
അലക്സ് വർഗീസ്
Friday, February 14, 2025 12:42 PM IST
വാഷിംഗ്ടൺ: യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ വാർഷിക പൊതുയോഗവും 2025 -2027 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ബിജു പീറ്റർ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ് സ്വാഗതം ആശംസിച്ചു.
സെക്രട്ടറി ബെന്നി ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു മൈക്കിൾ വാർഷിക കണക്ക് അവതരണവും നടത്തി. വാർഷിക റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഡേന പാസാക്കി.
കഴിഞ്ഞ രണ്ടര വർഷകാലം നടത്തിയ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസോസിയേഷൻ ഭാരവാഹികൾക്കും പ്രതിനിധികൾക്കും പ്രസിഡന്റ് ബിജു പീറ്റർ നന്ദി അറിയിച്ചു.
നോർത്ത് വെസ്റ്റ് റീജിയൺ നേതൃത്വം നൽകിയ പരിപാടികൾ വിജയിപ്പിക്കുവാൻ സ്പോൺസർമാരായിരുന്നവർക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി. യുക്മ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുര്യൻ ജോർജ്, അലക്സ് വർഗീസ് എന്നിവരാണ് നിയന്ത്രിച്ചത്.
മുൻ റീജിയണൽ പ്രസിഡന്റ് ബിജുപീറ്റർ ദേശീയ സമിതിയംഗമായും ഷാജി തോമസ് വരാകുടി പ്രസിഡന്റായും സനോജ് വർഗീസ് ജനറൽ സെക്രട്ടറിയായും ഷാരോൺ ജോസഫ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

അഭിരാംപി.വി, അശ്വതി ശ്രീനാഥ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ജെറിൻ ജോസ് ജോയിന്റ് സെക്രട്ടറിയായും ജോസഫ് മാത്യു ജോയിന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
അനിൽ ഹരിയാണ് റീജിയണൽ പിആർഒ. രാജീവ്.സി.പി ആർട്സ് കോഓർഡിനേറ്റർ, ബിനോയ് മാത്യു സ്പോർട്സ്കോർഡിനേറ്റർ, ബിജോയ്തോമസ് ചാരിറ്റി കോഓർനേഡിറ്റർ, ജിൽസൺ ജോസഫ് നഴ്സസ്ഫോറം കോർഡിനേറ്റർ, ബിനു തോമസ് യുക്മ ന്യൂസ്കോഓർഡിനേറ്റർ, ജനീഷ് കുരുവിള, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
നിലവിലെ സെക്രട്ടറി ബെന്നിജോസഫ് എക്സ് ഒഫീഷ്യോ ആയി കമ്മിറ്റിയിൽ തുടരും. എല്ലാ ഭാരവാഹികളെയും ജനറൽ കൗൺസിൽ യോഗം ഏകകണ്ഠമായി ആണ് തെരഞ്ഞെടുത്തത്.