പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയും ഫ്രാൻസും
Thursday, February 13, 2025 10:17 AM IST
പാരീസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാൻസും പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെയാണ് തീരുമാനം.
സൈനികേതര ആണവോർജ മേഖലയിൽ ഫ്രാൻസുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണും തമ്മിൽ നടത്തിയ ചർച്ചയിൽ ചെറിയ റിയാക്ടറുകൾ സ്ഥാപിക്കുന്നതിൽ അടക്കം സഹകരിക്കാൻ ധാരണയായി.
ചൊവ്വാഴ്ച ഫ്രാൻസിൽ നടന്ന എഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം സഹ അധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേഷം മാർസെയിലെത്തിയ ഇരു നേതാക്കളും രാത്രി നടത്തിയ ചർച്ചയിലാണ് സൈനികേതര ആണവോർജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താൻ ധാരണയായത്.
ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. ഇന്ന് ഉച്ചയ്ക്ക് മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ പുതിയ നാഷണൽ മ്യൂസിയം നിർമിക്കാൻ സഹകരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കി.