ജർമനിയിൽ നഴ്സ്, സ്കിൽഡ് ലേബർ മേഖലകളിൽ അവസരം
Tuesday, February 11, 2025 10:22 AM IST
തിരുവനന്തപുരം: ജർമനിയിൽ നഴ്സ്, സ്കിൽഡ് ലേബർ മേഖലകളിൽ നിരവധി അവസരങ്ങളും സാധ്യതയുമാണുള്ളതെന്നു ബംഗളൂരുവിലെ ജർമനിയുടെ ഡെപ്യൂട്ടി കോണ്‍സൽ ജനറൽ ആനറ്റ് ബേസ്ലർ.
നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. കെയർ ഹോമുകളിലും നഴ്സിംഗ് ജോലിക്ക് നിരവധി അവസരങ്ങളുണ്ട്.
ഇന്ത്യയിൽ നിന്നുള്ള തൊഴിൽ നൈപുണ്യമുളള ഉദ്യോഗാർഥികളുടെ നിയമപരമായ കുടിയേറ്റത്തിന് വലിയ പ്രാധാന്യമാണ് ജർമനി നൽകിയിട്ടുള്ളത്. ഇതിനായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജർമൻ ഭാഷാ പഠനത്തിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്.
നോർക്കയുമായി സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ആനറ്റ് ബേസ്ലർ പറഞ്ഞു.