പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായി 2030 വരെ തുടരും
ജോസ് കുമ്പിളുവേലില്‍
Wednesday, February 5, 2025 7:08 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ മലയാളി രണ്ടാം തലമുറക്കാരനായ പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ ഇവരുടെ കാലാവധി 2030 വരെ നീട്ടിയതായി ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ സൂപ്പര്‍വൈസറി ബോര്‍ഡ് അറിയിച്ചു.
2022 നവംബറില്‍ വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു പ്രദീപ് (45), 2023 ജനുവരി ഒന്ന് മുതല്‍ ലാര്‍സ് മോസ്ഡോര്ഫിന്റെ പിന്‍ഗാമിയായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ലേബര്‍ ഡയറക്ടറുമായി ജോലി ആരംഭിച്ചു. 2017 മുതല്‍ പ്രദീപ് ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദധാരിയായ പ്രദീപ്, ഹോഹ്ടീഫ് ഗ്രൂപ്പിലെ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷം, വ്യവസായിക എയര്‍പോര്‍ട്ട് നിക്ഷേപകനായ അവിയാലയന്സ് ജിഎംബിഎച്ചില്‍ ഡ്യൂസല്‍ഡോര്‍ഫും ഹാംബുര്‍ഗും എയര്‍പോര്‍ട്ട് പങ്കാളിത്തങ്ങള്‍ കൈകാര്യം ചെയ്ത അസറ്റ് മാനേജ്മെന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇതാദ്യമായാണ് ഒരു മലയാളി ജര്‍മനിയില്‍ ഒരു എയര്‍പോര്‍ട്ടിന്റെ തലപ്പത്ത് എത്തുന്നത്.
ഭാര്യ നാന്‍സി, മക്കളായ നന്ദിനി, വിജയ് എന്നിവടങ്ങുന്ന കുടുംബം എസ്സനില്‍ താമസിയ്ക്കുന്നു. ജര്‍മനിയിലെ ആദ്യമലയാളി തലമുറക്കാരായ അലക്സാണ്ടര്‍ & ലില്ലി പിണക്കാട്ട് ദമ്പതികളുടെ മകനാണ് പ്രദീപ്. പിട്ടാപ്പിള്ളില്‍ മാത്യുവിന്റെയും ത്രേസ്യായുടെയും മകളാണ് നാന്‍സി. പ്രിന്‍സ്,പ്രീതി എന്നിവര്‍ പ്രദീപിന്റെ സഹോദരങ്ങളാണ്.
ലാര്‍സ് റെഡെലിഗ്സ് 2023 ജനുവരിയില്‍ തോമസ് ഷ്നാല്ക്കെയുടെ പിന്‍ഗാമിയായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവി ഏറ്റെടുത്തു. 54 വയസുകാരനായ ലാര്‍സ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദവും എയര്‍ലൈനില്‍ സേവന പരിചയവുമുണ്ട്.
ലുഫ്താന്‍സ ഗ്രൂപ്പില്‍ പ്രധാന തസ്തികകളില്‍ സേവനം അനുഷ്ടിച്ച അദ്ദേഹത്തിന് ബ്രസല്‍സ് എയര്‍ലൈന്‍സ് കമ്പനിയിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും യൂറോപ്പ് ലുഫ്താന്‍സ സര്‍വീസ് ഏായഒ ല്‍ മാനേജ്മെന്റ് സ്പീക്കറായി പ്രവര്‍ത്തിച്ച അനുഭവവുമുണ്ട്. കൂടാതെ, ബ്രസല്‍സിലെ ലൈനിയാസ് എന്ന സ്വകാര്യ ചരക്കുനീക്ക കമ്പനിയുടെ മാനേജരായും സേവനം അനുഷ്ഠിച്ചു.
എയര്‍പോര്‍ട്ടിന്റെ ദീര്‍ഘകാല തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ പിന്തുടരാന് ആഗ്രഹിക്കുന്നതായി പ്രദീപ് പിണക്കാട്ട് പറഞ്ഞു. 2035 ഓടെ കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പങ്കാളികളുമായുള്ള വിശ്വസനീയമായ സഹകരണത്തിലൂടെയും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 16നു നടന്ന പുതുവത്സര സമ്മേളനത്തിലാണ് ഇരുവര്‍ക്കും നിയമന കാലാവധി നീട്ടിനല്‍കിയതായി പ്രഖ്യാപിച്ചത്.
ചടങ്ങില്‍ നിരവധി പ്രാദേശിക, സംസ്ഥാന, ദേശീയ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. ഡ്യൂസല്‍ഡോര്‍ഫ് മേയര്‍ ഡോ. സ്റ്റെഫാന്‍ കെല്ലര്‍, ആന്‍ഡ്രേ ക്യൂപ്പര്‍ (നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാറ്ഫാലിയ നിയമസഭാ പ്രസിഡന്റ്), ഒലിവര്‍ ക്രിഷര് (നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാളിയ പരിസ്ഥിതി മന്ത്രി), മോണ നൊയെബൗവര് (നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാറ്ഫാളിയ ഉപമുഖ്യമന്ത്രി), എവിയേഷന്‍ മേഖലയിലെ പ്രമുഖരായ ജെന്‍സ് ബിഷോഫ് (സിഇഒ, യൂറോവിംഗ്സ്), മാര്‍ക്കോ ചിയോമ്പര്ലിക് , വ്യവസായ പ്രതിനിധികളും ഉള്‍പ്പടെ 800 ഓളം അതിഥികള്‍ സന്നിഹിതരായിരുന്നു.
50 ശതമാനം ഓഹരികള്‍ ഡ്യൂസല്‍ഡോര്‍ഫ് നഗരത്തിന്റെ ഉടമസ്ഥതയിലാണ്. ബാക്കി 50 ശതമാനം ഒരു കണ്‍സോര്‍ഷ്യത്തിലാണ്, അതില്‍ അവിയാലയന്സ് GmbH, Aer Rianta International എന്നിവയും ഉള്‍പ്പെടുന്നു.
ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളം ജര്‍മനിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാളിയയിലെ ഏറ്റവും വലിയതും രാജ്യത്തെ നാലാമത്തെയും യൂറോപ്പിലെ 30 വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. 2024 അവസാനത്തോടെ, 20 മില്യണ്‍ യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ യാത്രചെയ്തു.
സാമ്പത്തികം
വിമാനത്താവളത്തിന്റെ വാര്‍ഷിക വരുമാനം 400 മില്യണ്‍ യൂറോയ്ക്ക് മുകളിലാണ്. (ഏകദേശം 3,600 കോടിരൂപ).നിലവില്‍ 1,810 ജീവനക്കാരും, കൂട്ടാളികളടക്കം ലൊക്കേഷനില്‍ ഏകദേശം 20,000 ഓളം ജോലികള്‍ ചെയ്യുന്നു.
സ്ട്രാറ്റജിക് ലക്ഷ്യങ്ങള്‍
മാസ്റ്റർപ്ലാന്‍ 2045ന്റെ ഭാഗമായി ഒരു ബില്യണ്‍ യൂറോയുടെ നിക്ഷേപത്തിലൂടെ ആധുനികവത്കരണവും, ദീര്‍ഘകാല വളര്‍ച്ചയും ലക്ഷ്യമാക്കുന്നു. കൂടാതെ സ്ഥിരതയും കാലാവസ്ഥാ നീതി, 2035 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി, വിമാനത്താവളത്തെ സ്ഥിരതയുള്ള ഗതാഗത കേന്ദ്രമായി വികസിപ്പിക്കുക, ജീവനക്കാര്‍ക്ക് വേണ്ടി ആധുനികവും ആകര്‍ഷകവുമായ ജോലി സാധ്യത സൃഷ്ടിക്കുക, യാത്രക്കാരുടെ അഭ്യന്തര സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയവ നേടാനുള്ള ശ്രമത്തിലാണ്.
പ്രദീപ് പിണക്കാട്ടിന്റെയും ലാര്‍സ് റെഡെലിഗ്സിന്റെയും നേതൃത്വത്തില്‍, ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളം ആധുനികവും കാലാവസ്ഥാ സൗഹൃദവുമായ മൊബിലിറ്റി ഹബായി വികസിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ തുടരുന്നു.