ജോർജിയൻ ജയിലിൽ മസിയയുടെ ഗാന്ധിയൻ സമരം
Wednesday, February 5, 2025 11:25 AM IST
ടിബിലിസി: ജോർജിയൻ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തക മസിയ അമഗ്ലോബെലിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ. മസിയയുടെ ആരോഗ്യനില മോശമായി വരികയാണെന്ന് അവരുടെ അഭിഭാഷക അറിയിച്ചു.
ജയിലിൽ നിരാഹാര സമരം തുടരുന്ന മസിയയ്ക്ക് നടക്കാൻപോലും കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. നാൽപ്പത്തിയൊന്പതുകാരിയായ മസിയ മൂന്നാഴ്ചയായി ജയിലിൽ നിരാഹാര സമരത്തിലാണ്.
ജോർജിയൻ തലസ്ഥാനമായ ടിബിലിസിക്കടുത്തുള്ള റുസ്തവി പട്ടണത്തിലെ ജയിലിലാണ് മസിയ. മസിയയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും മസിയയുടെ കുടുംബവും രംഗത്തെത്തി.
തീരനഗരമായ ബാതുമിയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജനുവരി 12നാണ് മസിയ അറസ്റ്റിലായത്. 40ലധികം പേരെ ക്രമിനിൽ കുറ്റം ചുമത്തി മസിയക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജോർജിയൻ ഡ്രീം പാർട്ടി അധികാരത്തിലെത്തിയതിനു ശേഷമാണു സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. റഷ്യ അനുകൂല, യൂറോപ്യൻ യൂണിയൻ വിരുദ്ധ സഖ്യമായ പീപ്പിൾസ് പവറിന്റെ ഭാഗമാണു ജോർജിയൻ ഡ്രീം പാർട്ടി.
ഡ്രീം പാർട്ടി അധികാരത്തിലെത്തിയതോടെ റഷ്യയോടായി ചായ്വ്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ജോർജിയയുടെ ശ്രമങ്ങളെ പുതിയ ഭരണകൂടം അടച്ചുകളയുകയും ചെയ്തു. റ
ഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെപോലെ കൂട്ടംകൂടാനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഭരണകൂടം ഇല്ലാതാക്കുകയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഡ്രീം പാർട്ടി അധികാരത്തിലെത്തിയതിനു പിന്നാലെ റഷ്യയിലെ നിയമങ്ങൾക്കു സമാനമായ നിരവധി കരിനിയമങ്ങൾ അംഗീകരിച്ചു.
മനുഷ്യാവകാശ സംഘടനകൾക്കും മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുകയും ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഡ്രീം പാർട്ടി നടപ്പിലാക്കിയ പുതിയ നിയമങ്ങൾക്കെതിരേയാണു സമരം പൊട്ടിപ്പുറപ്പെട്ടത്.
ജോർജിയയിലെ പ്രധാനപ്പെട്ട രണ്ടു സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളുടെ സ്ഥാപകയാണു മസിയ. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കുറ്റത്തിനാണു മസിയയെ കസ്റ്റഡിയിലെടുത്തത്.
ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണുമസിയയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജയിലിൽ മസിയയ്ക്കു ശാരീരിക പീഡനം നേരിട്ടതായി അഭിഭാഷക ജുബ സിഖരുലിഡ്സെ പറഞ്ഞു.
പോലീസ് മേധാവി മസിയയുടെ മുഖത്ത് തുപ്പുകയും കുടിവെള്ളം നൽകാതിരിക്കുകയും ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു- ജുബ വാർത്താ ഏജൻസി അസോസിയേറ്റ്ഡ് പ്രസിനോടു പറഞ്ഞു.
പോലീസ് പീഡനത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന മസിയയുടെ ജീവൻ അപകടത്തിലാണെന്ന് ജോർജിയൻ, പാശ്ചാത്യ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മസിയ വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്ന് യൂറോപ്യൻ കൗൺസിലിന്റെ മനുഷ്യാവകാശ കമ്മീഷണർ മൈക്കൽ ഒഫ്ലാഹെർട്ടി ആവശ്യപ്പെട്ടു.
ജോർജിയൻ നടൻ ആൻഡ്രോ ചിചിനാഡ്സെയും(28) പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. ഒമ്പതു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു നടനെതിരേ ചുമത്തിയിരിക്കുന്നത്.