മലയാളി ഡ്രൈവർ ജര്‍മനിയില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍
ജോസ് കുമ്പിളുവേലില്‍
Wednesday, February 5, 2025 5:06 PM IST
ബെര്‍ലിന്‍: പോളണ്ടില്‍ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജര്‍മനിയിലെ മാഗ്ഡെബുര്‍ഗില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
പോളണ്ടിലെ ട്രക്ക് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി സണ്ണി ബാബുവിനെയാണ്(48) മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ കൊടകര ചെമ്പുചിറ മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി ഇടവകാംഗമാണ്.
പോളണ്ടില്‍ നിന്നും ജര്‍മനിയിലേയ്ക്ക് വന്ന ട്രക്ക് ഡ്രൈവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് കമ്പനി ട്രാക്ക് ചെയ്ത് ട്രക്ക് മാഗ്ഡെബുര്‍ഗിനടുത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യൂറോപ്പിലെ കടുത്ത തണുപ്പിനെ തുടർന്ന് പനിപിടിച്ച് മരിച്ചതാണ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.