സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, February 11, 2025 12:13 PM IST
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷെയറിലെ മലയാളി സംഘടനയായ "സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ' 2025-2026 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സർഗം സ്റ്റീവനേജിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷത്തിനിടെ നടന്ന ജനറൽ ബോഡി യോഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മനോജ് ജോൺ പ്രസിഡന്റായും എം. പി. അനൂപ് സെക്രട്ടറിയായും ജോർജ് റപ്പായി ഖജാൻജിയായും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതിയിൽ ടെസി ജെയിംസ് വൈസ് പ്രസിഡന്റും ആതിര മോഹൻ ജോയിന്റ് സെക്രട്ടറിയുമാണ്.
ഡാനിയേൽ മാത്യു, ടിന്റു മെൽവിൻ, ജിനേഷ് ജോർജ്, പ്രീതി മണി, പ്രിൻസൺ പാലാട്ടി, ഏബ്രഹാം വർഗീസ്, ദീപു ജോർജ് എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും. സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വിളിച്ചുകൂട്ടിയ ജനറൽ ബോഡി യോഗത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. ജെയിംസ് മുണ്ടാട്ട് വാർഷിക കണക്കും സജീവ് ദിവാകരൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
മുൻകാലങ്ങളിൽ തുടങ്ങിവച്ച കർമപദ്ധതികൾ തുടർന്നുകൊണ്ടുപോകുമെന്നും സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക പൈതൃകം, കായിക-മാനസിക ക്ഷമത, കലാ-കായിക പ്രതിഭകൾക്ക് അവസരങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുമെന്ന് പ്രസിഡന്റ് മനോജ് ജോൺ പറഞ്ഞു.
പ്രഥമ പരിപാടിയായി ഈസ്റ്റർ - വിഷു - ഈദ് സംയുക്ത ആഘോഷം സംഘടിപ്പിക്കും. ഏപ്രിൽ 27ന് നെബ്വർത്ത് കമ്യൂണിറ്റി ഹാളിൽ ഈസ്റ്റർ ആഘോഷത്തിന് വേദിയൊരുങ്ങുമെന്നും സർഗം കുടുംബാംഗങ്ങളുടെ സഹകരണവും പങ്കാളിത്തവും അഭ്യർഥിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സ്നേഹവിരുന്നോടെ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു. സർഗത്തിന്റെ നേതൃത്വത്തിൽ ചെണ്ട ക്ലാസുകളും ഊർജസ്വലമായി നടക്കുന്നുണ്ട്. സർഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറിൽ പരം അംഗങ്ങളുമുണ്ട്.