ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വാക്ക്-ത്രൂ സെക്യൂരിറ്റി സ്കാനറുകള്‍ പ്രവര്‍ത്തനം തുടങ്ങി
ജോസ് കുമ്പിളുവേലില്‍
Friday, February 7, 2025 6:56 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വാക്ക്-ത്രൂ സെക്യൂരിറ്റി സ്കാനറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ വാക്ക്-ത്രൂ സെക്യൂരിറ്റി സ്കാനറുകള്‍ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി ഫ്രാങ്ക്ഫര്‍ട്ട് മാറി. ഒരു വര്‍ഷം നീണ്ട പരീക്ഷണ കാലയളവിനുശേഷം, ജര്‍മന്‍ പോലീസ് യാത്രക്കാരുടെ പൂര്‍ണമായ ഉപയോഗത്തിന് അംഗീകാരം നല്കി.
ജര്‍മനിയിലെ ഏറ്റവും വലിയ എയര്‍ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാന യാത്രക്കാര്‍ ടെര്‍മിനല്‍ 1 ലെ സുരക്ഷാ പരിശോധനകളില്‍ വിന്യസിച്ചിട്ടുള്ള പുതിയ വാക്ക്-സ്കാനറുകളിലൂടെ വേണം കടന്നു പോകാന്‍. യാത്രക്കാരുടെ സുരക്ഷാ പരിശോധനകള്‍ക്കായി പുതിയ സ്കാനറുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായി.
ടെര്‍മിനല്‍ 1 ലെ കോണ്‍കോര്‍സ് എയില്‍ ഒരു വര്‍ഷത്തെ പരീക്ഷണ ഘട്ടത്തിനുശേഷമാണ് ഇപ്പോള്‍ വാക്ക്-ത്രൂ സ്കാനറുകളുടെ പൂര്‍ണ തോതിലുള്ള റോള്‍-ഔട്ടിന് അംഗീകാരം നല്‍കിയത്. ഇത്തരത്തിള്ള സ്കാനറുകള്‍ ഉടന്‍ തന്നെ ടെര്‍മിനല്‍ മൂന്നിലും വിന്യസിക്കും. ഇതിന്റെ ഫലമായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
സ്കാനറുകളുടെ മില്ലിമീറ്റര്‍-വേവ് സാങ്കേതികവിദ്യ വസ്ത്രത്തിലേക്ക് തുളച്ചുകയറുകയും ഒരു വ്യക്തിയുടെ ശരീരത്തില്‍ അപകടകരമായ ഒരു വസ്തു എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്യും.
അലാറം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരനെ വീണ്ടും സ്കാന്‍ ചെയ്യുന്നതിനുപകരം സൂചിപ്പിച്ച സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അതേസമയം 2012ല്‍ ഫുള്‍ ബോഡി സെക്യൂരിറ്റി സ്കാനറുകള്‍ സ്വീകരിച്ച ആദ്യത്തെ ജര്‍മൻ വിമാനത്താവളങ്ങളിലൊന്നാണ് ഫ്രാങ്ക്ഫര്‍ട്ട്.