ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുറഞ്ഞു
ജോസ് കുമ്പിളുവേലില്‍
Saturday, February 1, 2025 7:52 AM IST
ബെര്‍ലിന്‍: ജര്‍മനിയുടെ 2025ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 1.1 ശതമാനത്തിൽ നിന്ന് 0.3 ശതമാനമായി കുറഞ്ഞു. സര്‍ക്കാരിന്റെ തകര്‍ച്ചയാണ് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രവചനങ്ങള്‍ ഉണ്ടായിരുന്നിട്ടും, സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്, തങ്ങളുടെ സ്വന്തം സാമ്പത്തിക സാഹചര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ്.
ജര്‍മൻ സര്‍ക്കാര്‍ ബുധനാഴ്ചയാണ് 2025 ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 0.3 ശതമാനമായി പ്രഖ്യാപിച്ചത്, കഴിഞ്ഞ ഒക്ടോബറില്‍ 1.1 ശതമാനമെന്ന് പ്രവചിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിനും അടുത്ത മാസം 23 ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പിനുമിടയിലാണ് വളര്‍ച്ചാ പ്രവചനങ്ങള്‍ ചുരുങ്ങുന്നത്.
രണ്ട് വര്‍ഷത്തെ മാന്ദ്യത്തെത്തുടര്‍ന്ന് ജര്‍മനിയുടെ മോശം സാമ്പത്തിക പ്രകടനം ഈ വര്‍ഷവും നീട്ടുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ജര്‍മനി സ്തംഭനാവസ്ഥയിലാണന്ന് സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ബര്‍ലിനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വളര്‍ച്ചാ പ്രവചനം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ നവംബറിലെ സര്‍ക്കാരിന്റെ തകര്‍ച്ചയാണ് പ്രധാനമായും കാരണമായതെന്നും ഇത് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളില്‍ തടസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഫെബ്രുവരി 23ലെ തെരഞ്ഞെടുപ്പിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ പുതിയ സര്‍ക്കാരിനായി കാത്തിരിക്കുമ്പോള്‍, രാജ്യത്തിന്റെ ഭാവി സാമ്പത്തിക നയം അനിശ്ചിതത്വത്തിലാണ്.