എം.ടി അനുസ്മരണം നടത്തി കൈരളി ഫുജൈറ
Monday, January 20, 2025 1:48 PM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ എം.ടി. വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. മലയാള ഭാഷയേയും കേരളീയ സംസ്കാരത്തേയും വിശ്വസാഹിത്യത്തിൽ അടയാളപ്പെടുത്തിയ മഹാനായ എഴുത്തുകാരനായിരുന്നു എം.ടി. വാസുദേവൻ നായർ എന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
എം.ടിയുടെ കൃതികളും കഥാപാത്രങ്ങളും കാലദേശങ്ങൾക്ക് അതീതമായി നിലനിൽക്കുകയും വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഓർമിക്കപ്പെടുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷത വഹിച്ചു.
ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര, ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, ഖോർഫക്കാൻ യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക്, പ്രസിഡന്റ് ഹഫീസ് ബഷീർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എം.എം.എ. റഷീദ്, പ്രമോദ് പട്ടാന്നൂർ, അഷറഫ് പിലാക്കൽ, നബീൽ, പ്രിൻസ് എന്നിവർ പങ്കെടുത്തു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.