ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ കേന്ദ്രത്തിൽ ഇന്ത്യ പവിലിയന് തുടക്കമായി
അനിൽ സി. ഇടിക്കുള
Tuesday, January 21, 2025 3:20 PM IST
അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ഇന്ത്യ പവിലിയന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് നിർവഹിച്ചു. ഇന്ത്യയുടെ സമ്പന്നമായ കലാ - സാംസ്കാരിക പൈതൃകവും ഉത്പന്നങ്ങളും അബുദാബി അൽവത്ബയിലെ ഇന്ത്യ പവിലിയനിൽ പ്രദർശിപ്പിക്കും.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തനത് കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയ്ക്കു പുറമേ ദിവസേന വ്യത്യസ്ത കലാവിരുന്നുകളും ആസ്വദിക്കാം.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മേഖലകളിൽനിന്ന് തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിൽ കലാസാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്ന ഇന്ത്യ പവിലിയന്റെ പ്രവേശന കവാടവും അത്യാകർഷകമാണ്. അടുത്ത വർഷം നിലവിലുള്ളതിനെക്കാൾ മൂന്നിരട്ടി വലുപ്പത്തിൽ സ്വതന്ത്ര പവിലിയൻ ഒരുക്കുമെന്ന് ഷംസ് അൽ ബറകത്ത് എക്സിബിഷൻസ് എൽഎൽസി സിഇഒ ചന്ദ്രൻ ബേപ്പ്, ജനറൽ മാനേജർ അനിൽ ബേപ്പ് എന്നിവർ പറഞ്ഞു.