തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു
Wednesday, January 22, 2025 12:43 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വഫ്ര മേഖലയിൽ തണുപ്പകറ്റാൻ മുറിയിൽ തീകൂട്ടിയശേഷം കിടന്നുറങ്ങിയ മൂന്ന് ഇന്ത്യാക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണു മരിച്ചത്.
അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. മുറിക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
വീട്ടുജോലിക്കാരായ ഇവർ സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ മുറിയിൽ പുക വ്യാപിച്ചു. ദുരന്തം നടന്ന മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.