"നീലപ്പായസം' നാടകം അരങ്ങേറി
അനിൽ സി. ഇടിക്കുള
Friday, January 10, 2025 4:38 PM IST
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിന്റെ മൂന്നാം ദിനം അൽ ഐൻ മലയാളി സമാജം അവതരിപ്പിച്ച നീലപ്പായസം എന്ന നാടകം അരങ്ങേറി.
സലീഷ് പദ്മിനി സുബ്രമണ്യൻ രചനയും സംവിധാനവും നിർവഹിച്ച നാടകം ആധുനിക സമൂഹത്തിലും അദൃശ്യമായി വിരാചിക്കുന്ന ജാതി വിവേചനത്തിന്റെ യാഥാർഥ്യത്തെയാണ് തുറന്നു കാട്ടിയത്. ചീരപ്പറമ്പിൽ കുഞ്ഞിക്കണ്ണൻ എന്ന കുടികിടപ്പുകാരന്റെയും കുടുംബത്തിന്റെയും കഥയാണ് നാടകം പറയുന്നത്.
നീലാംബരിയും കുഞ്ഞിക്കണ്ണനും മാതുവും അമ്മായിയും അയൽവക്കക്കാരും അച്ചാച്ചനും സ്വാമിയും അമ്മാളും മാധ്യമപ്രവർത്തകരും സ്കൂൾ കലോത്സവ വേദിയും ഒക്കെ നിറഞ്ഞുനിന്ന നാടകം അന്യവത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ എന്നത്തേയും പ്രതിരോധമായ നാടൻ പാട്ടുകൾ കൊണ്ട് സഹൃദയസദസിനെ പിടിച്ചുനിർത്തി.