റിയാദിൽ അന്തരിച്ച ബലരാമന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
Tuesday, January 14, 2025 2:54 AM IST
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ പത്ത് മണിയോടെ ഫാറൂഖ് കോളേജിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേളി സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസർ കാരക്കുന്ന്, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മറ്റിക്ക് വേണ്ടി നാസർ യൂണിറ്റിനുവേണ്ടി കൃഷ്ണൻ കുട്ടി എന്നിവർ റീത്ത് സമർപ്പിച്ചു. നാട്ടിലെ പ്രവർത്തനങ്ങൾക്ക് സിപിഎം ലോക്കൽ കമ്മറ്റി അംഗം സുരേഷ് നേതൃത്വം നൽകി.
സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ കേളി മുൻ സെക്രട്ടറിമാരായ റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, മുൻ രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി അംഗങ്ങളായ നാസർ കാരക്കുന്ന്, ഗോപിനാഥ്, സിപിഎം ഫറോക്ക് ഏരിയ സെക്രട്ടറി പ്രവീൺ കുമാർ, ലോക്കൽ സെക്രട്ടറി ബീനാ പ്രഭാകരൻ ചന്ദ് എന്നിവർ സംസാരിച്ചു.
കേളിദിനം 2025ന്റെ വേദിയിൽ കലാ പരിപാടികൾ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി രാത്രിയോടെ റൂമിലേക്ക് മടങ്ങിയ ബലരാമന് ശനിയാഴ്ച രാത്രിയോടെ നെഞ്ചുവേദന അനുഭവ പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിന് ശേഷം വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്.
പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസി സംബന്ധമായ വിഷയങ്ങളിലും നിരന്തരം ഇടപെടാറുള്ള ബലരാമൻ സുലൈ ഏരിയയിലെ കേളിയുടെ സജീവ പ്രവർത്തകനായിരുന്നു.