അബ്ദുൾ റഹീമിന്റെ മോചനം: കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും
Wednesday, January 15, 2025 11:20 AM IST
റിയാദ്: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. പ്രാദേശിക സമയം രാവിലെ എട്ടിനാണ് കോടതി കേസ് പരിഗണിക്കുക.
അഞ്ച് തവണ കേസ് മാറ്റി വച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ 18 വർഷമായി കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം റിയാദിലെ ജയിലിൽ കഴിയുകയാണ്. പലതവണ മാറ്റിവച്ച കേസ് വീണ്ടും പരിഗണിക്കുന്പോൾ ഏറെ പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബം.
സൗദി പൗരന്റെ വീട്ടിൽ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷാ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൾ റഹീമിനു വധശിക്ഷ വിധിച്ചത്.
ദയാധനം സ്വീകരിച്ചശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടിയാണ് ദയാധനമായി നല്‍കിയത്.