സംസ്കരിച്ച പെപ്പറോണി ബീഫ് യുഎഇയിൽ നിരോധിച്ചു
Tuesday, January 14, 2025 1:07 PM IST
ദുബായി: പ്രത്യേകരീതിയിൽ സംസ്കരിച്ചെടുക്കുന്ന പെപ്പറോണി ബീഫിന്റെ വിൽപന യുഎഇയിൽ നിരോധിച്ചു. അപകടകാരിയായ ലിസ്റ്റീരിയ മോണോ സൈറ്റോജീൻ ബാക്ടീരിയയുടെ സാന്നിധ്യം മാംസത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇവ നീക്കം ചെയ്യാനും ഇതിന്റെ ഉത്പാദനം നിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭിണികൾ, 65 വയസിനു മുകളിലുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.
2025 മാർച്ചിൽ കാലാവധി അവസാനിക്കുന്ന 250 ഗ്രാം പാക്കേജ് ഉത്പന്നങ്ങളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. യുഎഇയിൽ ഇത്തരം ബീഫ് ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കെതിരേ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.