ഐഎസ്സി - അപെക്സ് ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കം
അനിൽ സി. ഇടിക്കുള
Tuesday, January 14, 2025 5:09 PM IST
അബുദാബി: 47-ാം ഇന്ത്യ സോഷ്യൽ സെന്റർ - അപെക്സ് ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ തുടക്കമായി. ജൂണിയർ വിഭാഗം മത്സരങ്ങൾ 19 വരെ തുടരും.
സീനിയർ വിഭാഗം മത്സരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ 23 വരെ നടക്കും. അഞ്ഞൂറിലേറെ ബാഡ്മിന്റൺ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൊത്തം ഒരുലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്.
പുരുഷന്മാരുടെ സിംഗിൾസ് വിജയിക്ക് 5,000 ദിർഹവും ഡബിൾസിന് 7,000 ദിർഹവുമാണ് സമ്മാനം. ജൂണിയർ വിഭാഗത്തിൽ യുഎഇയിലെ വിവിധ രാജ്യക്കാർ പങ്കെടുക്കും. സീനിയർ വിഭാഗത്തിൽ രാജ്യാന്തര താരങ്ങളും മത്സരത്തിനിറങ്ങും.
യുഎഇ ബാഡ്മിന്റൺ ഫെഡറേഷന്റെ 2025ലെ ആദ്യ റാങ്കിംഗ് ടൂർണമെന്റാണ് ഐഎസ്സിയിൽ നടക്കുന്നത്. സീനിയർ വിഭാഗത്തിൽ ഐഎസ്സി ടൂർണമെന്റിന് ഗോൾഡ് കാറ്റഗറിയാണ് ഫെഡറേഷൻ നൽകിയിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്റർ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ദീപു സുദർശൻ, ട്രഷറർ ദിനേശ് പൊതുവാൾ, സ്പോർട്സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണൻ, ബാഡ്മിന്റൻ സെക്രട്ടറി നൗഷാദ് അബൂബക്കർ, പി.എ. ഹിഷാം (അപെക്സ് ട്രേഡിംഗ്) എന്നിവർ പങ്കെടുത്തു.