കേളി കുടുംബ സഹായ ഫണ്ട് കൈമാറി
Monday, January 13, 2025 11:22 AM IST
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. തിരുവന്തപുരം ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപറമ്പിലുള്ള വിജയകുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎയും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ബി. സത്യൻ, വിജയകുമാറിന്റെ ഭാര്യ ഷീലയ്ക്ക് ഫണ്ട് കൈമാറി.
കഴിഞ്ഞ16 വർഷക്കാലമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്ന വിജയകുമാർ ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കവേ രാത്രിയിൽ നെഞ്ചു വേദനയെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണപ്പെടുകയുമായിരുന്നു.
കേളി കലാസാംസ്കാരിക വേദിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാൻ കേളി നൽകിവരുന്ന സഹയധനമാണ് കുടുംബ സഹായ ഫണ്ട്. അംശാദായം സ്വീകരിക്കാതെ നൽകി വരുന്ന ഈ ഫണ്ട് അംഗത്വമുള്ള ആൾക്ക് എവിടെ വച്ച് അപകടം സംഭവിച്ചാലും അവരുടെ കുടുംബത്തിന് കേളി നൽകി വരുന്നതാണ്.
കേളി മുൻ രക്ഷാധികാരി അംഗം സതീഷ് കുമാർ പടയണി, മുൻ കേന്ദ്ര കമ്മിറ്റി അംഗം ഹുസൈൻ മണക്കാട്, കേളി മുൻ ഏരിയ കമ്മിറ്റി അംഗം അനിൽ കേശവപുരം, സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി വഞ്ചിയൂർ മണിക്കുട്ടൻ, പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകരും വിജയകുമാറിന്റെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.