കേളി കലണ്ടർ പ്രകാശനം ചെയ്തു
Thursday, January 9, 2025 2:35 PM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി 2025ലെ കലണ്ടർ പ്രകാശനം ചെയ്തു. കഴിഞ്ഞ 20 വർഷമായി ഏറെ പ്രത്യേകതകളോടെയാണ് കേളി റിയാദ് സമൂഹത്തിനായി കലണ്ടർ വിതരണം ചെയ്യുന്നത്.
ഡ്യൂൺ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനു മുന്നിൽ കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദിക്ക് അഹമ്മദ് മിർസാദ് എംഡി അബ്ദുൾഹാദി അൽ ഷഹരിക്ക് ആദ്യ കോപ്പി നൽകി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. 2025 കേളി കലണ്ടർ ചുമതലക്കാരൻ മധു പട്ടാമ്പി കുറ്റമറ്റ രീതിയിൽ കലണ്ടർ പുറത്തിറക്കിയതിനെ കുറിച്ച് വിദശദീകരിച്ചു.
അറബിക്, മലയാളം, ഇംഗ്ലീഷ് വർഷങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി, നാട്ടിലെയും സൗദിയിലെയും വിശേഷ ദിവസങ്ങൾ പ്രത്യേകം അടയാള പെടുത്തിയും ഒരു പ്രവാസിക്ക് ആവശ്യമായതെല്ലാം കേളിയുടെ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ എംബസി, റിയാദ് മീഡിയ, സൗദിയിലെ അത്യാവശ്യ നമ്പറുകൾ, ഇന്ത്യൻ സ്കൂളുകൾ, നോർക്ക വിവരങ്ങൾ, കേരള മന്ത്രിസഭാ അംഗങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം കലണ്ടറിലുണ്ട്. കലണ്ടർ ഡിസൈനിംഗ് പൂർണമായും കേളിയുടെ നേതൃത്വത്തിലാണ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒന്പത് വർഷമായി കൊബ്ളാൻ കമ്പനിയും മിർസാദും ചേർന്നാണ് കേളിയുടെ കലണ്ടർ ഇറക്കുന്നത്. മിർസാദ് എംഡി അബ്ദുൾ ഹാദി, മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് കമ്പനി മാനേജർ പ്രസാദ് വഞ്ചിപ്പുര, കൊബ്ളാൻ മാർക്കറ്റിംഗ് മാനേജർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കഴിഞ്ഞ ഒൻപത് വർഷമായി കേളി കലണ്ടറിന്റെ പ്രായോജികരായ കൊബ്ലാൻ തെർമോ പൈപ്പ് കമ്പനി തുടർന്നും സഹകരിക്കുമെന്നും തികച്ചും സൗജന്യമായി നൽകുന്ന കണ്ടറിന്റെ കെട്ടിലും മട്ടിലും കേളി പുലർത്തുന്ന ശ്രദ്ധ അഭിനന്ദനം അർഹിക്കുന്നുവെന്നും സിദ്ദിക്ക് കലണ്ടർ പ്രകാശന വേളയിൽ അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ആശംസകൾ ആർപ്പിച്ചു.