കേളി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Thursday, January 9, 2025 12:58 PM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തു (58) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് - ലക്ഷ്മി ദമ്പതികളുടെ മകനാണ്.
35 വർഷമായി സുലൈ എക്സിറ്റ് 18ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നെഞ്ച് വേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖര്‍ജ് റോഡിലുള്ള അൽ റബിയ ആശുപത്രിയിൽ എത്തിച്ചു.
അടുത്ത ദിവസം രാത്രി വീണ്ടും ഹൃദയാഘാതം വന്നതിനെ തുടർന്ന് മരിക്കുകയായിരുന്നു. മാറത് യൂണിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനം വഹിച്ചിട്ടുണ്ട്.
നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചു വരികയായിരുന്നു. ഭാര്യ: രതി. ഹൃദ്യ, ഹരിത, ഹൃദയ് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.