കശു​വ​ണ്ടി വി​ള​വെ​ടു​പ്പ് തുടങ്ങി; ക്ഷു​ദ്ര​ജീ​വി​ക​ളും വി​ല​യി​ടി​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു
Tuesday, March 19, 2024 1:31 AM IST
ജോ​ജി തോ​മ​സ്

നെ​ന്മാ​റ: ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പ് സ​ജീ​വമായി. മ​ല​യോ​രമേ​ഖ​ല​ക​ളി​ലെ റ​ബർ തോ​ട്ട​ങ്ങ​ളോ​ടുചേ​ർ​ന്നും വീ​ട്ടു​വ​ള​പ്പു​ക​ളി​ലും വ​ള​രു​ന്ന ക​ശു​വ​ണ്ടിമ​ര​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പു സീ​സ​ണാ​യ​ത്. പ​ഴ​ങ്ങ​ൾ പ​ഴു​ത്തുതു​ട​ങ്ങി​യ​തോ​ടെ വ​വ്വാ​ൽ, മ​ല​യ​ണ്ണാ​ൻ, കു​ര​ങ്ങ്, വെ​രു​ക് തു​ട​ങ്ങി​യ ജീ​വി​ക​ളു​ടെ ശ​ല്യ​വും രൂക്ഷമാണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന വ​വ്വാ​ലു​ക​ളും വെ​രു​ക് തു​ട​ങ്ങി​യ​വയും ക​ശു​മാ​മ്പ​ഴ​ത്തോ​ടൊ​പ്പം ക​ശു​വ​ണ്ടി​യും കൊ​ണ്ടു​പോ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ വി​ള​ന​ഷ്ട​വും വ്യാ​പ​ക​മാ​യി ഉ​ണ്ടാ​കു​ന്നു.

പ​ക​ൽസ​മ​യ​ത്ത് മ​ല​യ​ണ്ണാ​ൻ, കു​ര​ങ്ങ് എ​ന്നി​വ പ​ഴ​ങ്ങ​ൾ തിന്നു ന്ന​തോ​ടൊ​പ്പം മൂ​പ്പ് എ​ത്തു​ന്ന​തി​നുമു​മ്പു​ള്ള ക​ശു​വ​ണ്ടി​യും തി​ന്നുന​ശി​പ്പി​ക്കു​ന്നു. കാ​ര്യ​മാ​യ ശു​ശ്രൂ​ഷ​യോ വ​ള​പ്ര​യോ​ഗമോ ഇ​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്കു കി​ട്ടു​ന്ന അ​ധി​ക ആ​ദാ​യ​മാ​യി​രു​ന്നു ക​ശു​വ​ണ്ടി. വി​ള ന​ശി​പ്പി​ക്കാ​നു​ള്ള ജീ​വി​ക​ളു​ടെ എ​ണ്ണം വ​ർ​ധിച്ച​തോ​ടെ ആ​ദാ​യ​വും കു​റ​ഞ്ഞ​താ​യി മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി മു​ത​ൽ വി​ള​വെ​ടു​പ്പുസീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വി​പ​ണി​യി​ൽ 124 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 98 രൂ​പ​യാ​യി കു​റ​ഞ്ഞു. വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​കു​ന്ന​തോ​ടെ ഇ​നി​യും വി​ല കു​റ​യു​മെ​ന്നു മ​ല​ഞ്ച​ര​ക്കു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വേ​ന​ൽ​മ​ഴ പെ​യ്തു ക​ശു​വ​ണ്ടി​യു​ടെ നി​റം കു​റ​ഞ്ഞാ​ൽ വി​ല കു​ത്ത​നെ കു​റ​യ്ക്കു​ക പ​തി​വാ​ണ്. മ​ഴ ത​ട്ടി​യാ​ൽ ക​ശു​വ​ണ്ടി​യു​ടെ തോ​ടി​നുമാ​ത്ര​മേ നി​റം കു​റ​യു​ക​യു​ള്ളൂ. ക​ശു​വ​ണ്ടിപ്പരി​പ്പി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​നു മാ​റ്റം ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും വി​ല കു​റ​യ്ക്കു​ക എ​ന്ന​ത് വ്യാ​പാ​രി​ക​ളു​ടെ ത​ന്ത്ര​മാ​ണെ​ന്ന്ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു. ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ​ക്ക് ഉ​യ​ർ​ന്ന വി​ല​യി​ൽ വി​ദേ​ശ​ത്തു​നി​ന്ന് തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സീ​സ​ണി​ലാ​ണ് മ​ല​ഞ്ച​ര​ക്കുവ്യാ​പാ​രി​ക​ൾ സം​ഘ​ടി​ത​മാ​യി വി​ല കു​റ​യ്ക്കു​ന്ന​ത്.

സീ​സ​ൺ ആ​യ​തോ​ടെ വ്യാ​പ​ക​മാ​യി ല​ഭി​ക്കു​ന്ന ക​ശു​മാ​മ്പ​ഴ​ത്തി​ന് ഉ​പ​യോ​ഗ​മി​ല്ലാ​തെ ക​ന്നു​കാ​ലി​ക​ൾ​ക്കു തീ​റ്റ​യാ​യി ന​ൽ​കു​ക​യാ​ണ് ക​ർ​ഷ​ക​ർ ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ക​ശു​മാ​മ്പ​ഴം സം​സ്ക​രി​ച്ച് സ്ക്വാ​ഷ്, ജെ​ല്ലി, ജാം, ​അ​ച്ചാ​ർ തു​ട​ങ്ങി​യ മൂ​ല്യ​വ​ർ​ധിത ഉ​ത്പന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​കണ​മെ​ന്ന് ക​ശു​മാ​വുക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.