ആവേശക്കടലായി കൊട്ടിക്കലാശം
1418673
Thursday, April 25, 2024 1:34 AM IST
പാലക്കാട്: ലോക്സഭാ തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍. മണ്ഡലംതലത്തിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്റേതാണ്. നാളെയാണ് വോട്ടെടുപ്പ്. ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു പലയിടത്തും കൊട്ടിക്കലാശം.
കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമുയർന്നു. പാലക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്റെ കൊട്ടിക്കലാശയാത്ര ഒലവക്കോട് ജംഗ്ഷനില്‍നിന്നാണ് ആരംഭിച്ചത്.
ജൈനിമേട്, വിക്ടോറിയ കോളജ്, ചുണ്ണാമ്പുതറ, ശകുന്തള ജംഗ്ഷന്, കോട്ടമൈതാനം, കുന്നത്തൂര്‍മേട് വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. വിജയരാഘന്റെ കൊട്ടിക്കലാശ പര്യടനം അഞ്ചിന് വിക്ടോറിയ കോളജ് പരിസരത്തുനിന്ന് റോഡ് ഷോയോടെ ആരംഭിച്ചു. താരേക്കാട്, ഹെഡ് പോസ്റ്റ് ഓഫീസ് വഴി സുല്‍ത്താന്‍പേട്ട ജംഗ്ഷന് വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമാപിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ കൊട്ടിക്കലാശയാത്ര മോയന്‍ സ്കൂള്‍, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി, കല്മണ്ഡപംവഴി സ്റ്റേഡിയത്തിലെത്തി.
മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ബലാബലത്തിലാണ് സംഗമിച്ചത്.