കരടിയോട്ടിലും കാട്ടാനകളുടെ വിളയാട്ടം
1418203
Tuesday, April 23, 2024 12:46 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടിയോട്ടിൽ കാട്ടാനകളുടെ വിളയാട്ടം. വ്യാപകമായി കൃഷി നശിപ്പിച്ചു. മുണ്ടൻപോക്കിൽ മുഹമ്മദിന്റെ നൂറോളം കവുങ്ങിൻതൈകൾ കാട്ടാനകൾ നശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയതെന്ന് സമീപവാസികൾ പറഞ്ഞു. ബഹളം കേട്ടിട്ടും കാട്ടാനകൾ കയറിപ്പോകാൻ തയാറാകുന്നില്ലെന്നും കർഷകർ പറയുന്നു.
നശിപ്പിച്ച കൃഷിക്ക് തക്കതായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നു.
തുടർന്ന് വനംവകുപ്പിനോടും കൃഷിവകുപ്പിനോടും നഷ്ടപരിഹാരത്തിനായി നിവേദനം നൽകിയെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.